Site iconSite icon Janayugom Online

ജനറല്‍ ആശുപത്രിയിലെ ചികിത്സാപിഴവ്; നെഞ്ചില്‍ കുടുങ്ങിയ വയര്‍ പുറത്തെടുക്കാമെന്ന് ഉറപ്പ് പറഞ്ഞിട്ടില്ലെന്ന് സുമയ്യയുടെ ബന്ധു

തിരുവനന്തപുരം ജനറൽ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലുണ്ടായ പിഴവിനെത്തുടർന്ന് നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ പരാതിക്കാരി സുമയ്യയുടെ ഹിയറിങ് പൂർത്തിയായി. വിദഗ്ധ സംഘത്തിന് മുന്നിലാണ് സുമയ്യ മൊഴി രേഖപ്പെടുത്തിയത്. വിദഗ്ധസമിതി റിപ്പോർട്ട് വന്നതിന് ശേഷം മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് സുമയ്യയുടെ സഹോദരൻ പറഞ്ഞു. നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കാൻ ശ്രമിക്കാമെന്നാണ് മാത്രമാണ് പറഞ്ഞിട്ടുള്ളത് പൂർണമായും അത് നീക്കം ചെയ്യാമെന്ന് ആരും ഉറപ്പ് നൽകിയിട്ടില്ല. ആന്റിയോഗ്രാം വഴി നോക്കാമെന്നും ഗൈഡ് വയറിന് അനക്കമുണ്ടെങ്കിൽ പുറത്തെടുക്കാൻ ശ്രമിക്കാമെന്നും തുടര്പരിശോധനയ്ക്ക് ശേഷം അറിയിക്കണമെന്നുമാണ് പറഞ്ഞിട്ടുള്ളതെന്നും ബന്ധു വ്യക്തമാക്കി.

എന്നാണ് സി ടി സ്കാൻ ചെയ്യന്‍ കഴിയുക എന്ന കാര്യത്തിൽ വ്യക്തതയില്ല. എക്സ്-റേ അടക്കമുള്ള ചികിത്സ രേഖകൾ വിദഗ്ധസമിതിക്ക് മുന്നിൽ നൽകിയിട്ടുണ്ട്. സർജറിക്ക് അപ്പുറത്തേക്ക് ഒന്നും ഹിയറിങ്ങിൽ സംസാരിച്ചില്ല. ഡോക്ടർക്കെതിരെയുള്ള നടപടിയെ കുറിച്ച്  ഇതുവരെ ചർച്ച നടന്നില്ലെന്നും സുമയ്യയുടെ നെഞ്ചിനകത്ത് കുടുങ്ങി കിടക്കുന്ന വയർ പുറത്തെടുക്കുമെന്നുള്ള സംവിധാനം സർക്കാർ ചെയ്യുമെന്ന് പറഞ്ഞെങ്കിലും അതിൽ തങ്ങൾക്ക് ഉറപ്പില്ലെന്നും ബന്ധു വ്യക്തമാക്കി.

അതേസമയം, സുമയ്യയും കുടുംബവും മെഡിക്കൽ ബോർഡിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദഗ്ധ സമിതി മൊഴിയെടുപ്പ് പൂർത്തിയാക്കിയത്. രണ്ടര വർഷമായി നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളുടെ തെളിവുകളും സ്വകാര്യ ആശുപത്രിയിലെ ചികിത്സ രേഖകളും സുമയ്യ സമിതിക്ക് മുന്നിൽ നൽകിയിട്ടുണ്ട്. 2023 ൽ നടന്ന തൈറോയിഡ് ശാസ്ത്രക്രിയ്ക്ക് പിന്നാലെയാണ് സുമയ്യയുടെ നെഞ്ചിൽ ശാസ്ത്രക്രിയക്ക് ഉപയോഗിച്ച ഗൈഡ് വയർ കുടുങ്ങിയത്.

Exit mobile version