Site iconSite icon Janayugom Online

അഗ്‌നിവീര്യർക്ക് മുൻഗണന നൽകില്ലെന്ന് മമത

കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പുതിയ സൈനിക പദ്ധതിയായ അഗ്നിപഥിനെതിരെ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സൈനിക പദ്ധതിയായ അഗ്നിപഥ് ബി ജെ പിയുടെ ചവറ്റുകൊട്ടയാണെന്ന് മമത ബാനര്‍ജി തുറന്നടിച്ചു. അഗ്നിപഥ് സൈനികര്‍ക്ക് സംസ്ഥാനം ഒരു തരത്തിലുള്ള മുന്‍ഗണന നല്‍കില്ലെന്നും മമത വ്യക്തമാക്കി. മറ്റുള്ളവരുടെ പാപങ്ങളുടെ ഉത്തരവാദിത്തം ഞാന്‍ എന്തിന് ഏറ്റെടുക്കണമെന്ന് മമത ബാനര്‍ജി ചോദിച്ചു. അസന്‍സോള്‍ പോളോ ഗ്രൗണ്ടില്‍ നടന്ന തൃണമൂല്‍ പ്രവര്‍ത്തകരുടെ സംഗമത്തിലാണ് മമത ബാനര്‍ജി ഇക്കാര്യം വ്യക്തമാക്കിയത്. 

സംസ്ഥാന സര്‍ക്കാര്‍ ജോലികളില്‍ അഗ്‌നിവീര്യര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം അയച്ച കത്ത് ചൂണ്ടിക്കാട്ടിയാണ് മമത ബാനര്‍ജി ഇക്കാര്യം വ്യക്തമാക്കിയത്. സായുധ സേനയിലെ ഒരു കേണല്‍ (ലെഫ്റ്റനന്റ് ജനറല്‍) അടുത്തിടെ ഞങ്ങള്‍ക്ക് കത്തെഴുതി, ഇക്കാര്യം അഭ്യര്‍ത്ഥന നടത്തിയെന്നും മമത പറഞ്ഞു. ബി ജെ പിയുടെ ചവറ്റുകുട്ട നമ്മള്‍ എന്തിന് വൃത്തിയാക്കണമെന്നും മമത ചോദിച്ചു.നാല് വര്‍ഷത്തിന് ശേഷം കേന്ദ്രം തള്ളുന്ന ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എന്തിന് ജോലി നല്‍കണം. 60 വയസ്സ് വരെ അവരുടെ മുഴുവന്‍ സൈനിക സേവനത്തിന്റെയും ഉത്തരവാദിത്തം കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയാത്തത് എന്തുകൊണ്ട്? തൊഴിലവസരങ്ങള്‍ പരിമിതപ്പെടുത്തുന്നതിന് ബി ജെ പി സര്‍ക്കാര്‍ ഉത്തരവാദികളാണ്,

നിങ്ങള്‍ ഇത് തിരുത്തണമെന്നും മമത ആവശ്യപ്പെട്ടു.ആഗ്നിപഥ് പദ്ധതിക്ക് കീഴില്‍ സാധാരണക്കാരായ യുവാക്കള്‍ക്ക് പരിശീലനം നല്‍കില്ല. ബി ജെ പിക്കും അവരുടെ ബഹുജന സംഘടനകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കേ അവസരം ലഭിക്കൂ. 2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി അവര്‍ ലോലിപോപ്പുകള്‍ നല്‍കുകയും കള്ളം പറയുകയും ചെയ്യുന്നു. നാല് വര്‍ഷത്തിനുള്ളില്‍ 40,000 പേരെ റിക്രൂട്ട് ചെയ്യുമെന്ന് അവര്‍ പറയുന്നു.

ഇന്ത്യയില്‍ ഏകദേശം 35-ഓളം സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമുണ്ട്; അതിനാല്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരത്തിലധികം ആളുകളെ റിക്രൂട്ട് ചെയ്യും. ഈ കുറച്ച് പേര്‍ക്ക് വെറും നാല് വര്‍ഷമായിരിക്കും ജോലി ലഭിക്കുക. ഈ തമാശയുടെ അര്‍ത്ഥമെന്താണ്?എല്ലാ ബാങ്ക് അക്കൗണ്ടുകളിലും 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന ബി ജെ പിയുടെ തെരഞ്ഞെടുപ്പിന് മുമ്പുള്ള വാഗ്ദാനത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് മമത ചോദിച്ചു.

Eng­lish Sum­ma­ry: Mama­ta Baner­jee will not give pri­or­i­ty to agniveer

You may also like this video:

Exit mobile version