Site icon Janayugom Online

പ്രതിച്ഛായ രക്ഷിക്കാന്‍ അടിയന്തര നീക്കവുമായി മമത

അധ്യാപക നിയമന അഴിമതിയില്‍ നിന്ന് ബംഗാള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ രക്ഷിക്കാന്‍ അടിയന്തര നീക്കവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മന്ത്രിസഭ പുനഃസംഘടന ഉടന്‍ ഉണ്ടാകും.അതേസമയം അര്‍പ്പിതാ മുഖര്‍ജിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് എട്ട് കോടി രൂപ ഇ ഡി പിടിച്ചെടുത്തു. അദ്ധ്യാപക നിയമന അഴിമതിയില്‍ ഇ.ഡി അറസ്റ്റ് ചെയ്ത മന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയെങ്കിലും കടുത്ത പ്രതിരോധത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്.

ഇതേത്തുടര്‍ന്ന് കടുത്ത നടപടികളിലേക്ക് മമത ബാനര്‍ജി കടക്കുന്നുവെന്നാണ് സൂചന. പശ്ചിമ ബംഗാള്‍ മന്ത്രിസഭ പുനഃസംഘടന ഉടനുണ്ടാകുമെന്നാണ് വിവരം. മുഴുവന്‍ മന്ത്രിമാരോടും രാജിവെക്കാന്‍ മുഖ്യമന്ത്രി മമതാ ബാനാര്‍ജി ആവശ്യപ്പെടും. ആഗസ്റ്റ് 4 ന് മുന്‍പ് പുനഃസംഘടന ഉണ്ടാകുമെന്നാണ് തൃണമൂല്‍ കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. ഒരാള്‍ക്ക് ഒരു പദവി നയം കര്‍ശനമായി നടപ്പാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ആലോചനയുണ്ട്.

അതുകൊണ്ട് തന്നെ പാര്‍ട്ടിയിലും വന്‍ അഴിച്ചു പണി ഉണ്ടാകും. പാര്‍ത്ഥ ചാറ്റര്‍ജി വഹിച്ചിരുന്ന സെക്രട്ടറി ജനറല്‍ പദവി എടുത്ത് കളയും. പാര്‍ട്ടിയുടെ തലപ്പത്തേക്ക് യുവാക്കള്‍ക്ക് അവസരം നല്‍കാനും ആലോചനയുണ്ട്. ഇതനുസരിച്ച് ജില്ലാ അദ്ധ്യക്ഷന്‍മാരായും സംസ്ഥാന ഭാരവാഹികളായും കൂടുതല്‍ പുതുമുഖങ്ങള്‍ കടന്ന് വരും.പുനഃസംഘടനയിലൂടെ നഷ്ട്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനാണ് മമതാ ബാനാര്‍ജിയുടെ ശ്രമം.

അതേസമയം അര്‍പിത മുഖര്‍ജിയുടെ കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 8 കോടി രൂപ ഇ ഡി പിടിച്ചെടുത്തു. അര്‍പിത മുഖര്‍ജിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ വന്‍തോതില്‍ കള്ളംപണം വെളുപ്പിച്ചതായാണ് ഇ ഡിയുടെ കണ്ടെത്തല്‍.

Eng­lish Sum­ma­ry: Mama­ta with urgent move to save image

You may also like this video:

Exit mobile version