സ്തനാർബുദം ബാധിച്ചവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കാൻസർ സെന്ററുകൾക്കും പ്രധാന മെഡിക്കൽ കോളജുകൾക്കും പുറമേ ജില്ലാ, താലൂക്ക് ആശുപത്രികളിൽ കൂടി മാമോഗ്രാം മെഷീനുകൾ സ്ഥാപിക്കുന്നു. 2.4 കോടി രൂപ ചെലവഴിച്ച് കെഎംഎസ‌്സിഎൽ വഴി എട്ട് ആശുപത്രികളിലാണ് ആദ്യ ഘട്ടത്തിൽ മാമോഗ്രാം സ്ഥാപിക്കുന്നത്. ആലപ്പുഴ, കാസർകോട്, കോഴിക്കോട്, പത്തനംതിട്ട, പാല ജനറൽ ആശുപത്രികള്‍, തിരൂർ ജില്ലാ ആശുപത്രി, അടിമാലി താലൂക്കാശുപത്രി, നല്ലൂർനാട് ട്രൈബൽ ആശുപത്രി എന്നിവിടങ്ങളിലാണ് മാമോഗ്രാം അനുവദിച്ചിട്ടുള്ളത്.
ഇതിൽ അഞ്ച് ആശുപത്രികളിൽ മാമോഗ്രാം മെഷീനുകൾ എത്തിയിട്ടുണ്ട്. ബാക്കിയുള്ള മൂന്ന് ആശുപത്രികളിൽ കൂടി ഉടൻ എത്തും. സമയബന്ധിതമായി മെഷീനുകൾ ഇൻസ്റ്റാൾ ചെയ്ത് പരിശോധനകൾ ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചു. കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ആർദ്രം മിഷന്റെ ഭാഗമായി സമഗ്ര കാൻസർ കെയർ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നു. കാൻസർ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി ആർദ്രം ജീവിതശൈലി രോഗനിർണയ സ്ക്രീനിംഗിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരെ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി സ്ക്രീൻ ചെയ്തു വരുന്നു.
ആകെ 1.53 കോടിയിലധികം പേരെ സ്ക്രീൻ ചെയ്തതിൽ 7.9 ലക്ഷത്തിലധികം പേർക്കാണ് സ്തനാർബുദ സാധ്യത കണ്ടെത്തിയത്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി രോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ ഉറപ്പാക്കുന്നു. ഈ പരിശോധനയിലും ഏറ്റവുമധികം കണ്ടെത്തിയ കാൻസർ സ്തനാർബുദമാണ്. അതിനാൽ തന്നെ സ്തനാർബുദ പ്രതിരോധത്തിനും ചികിത്സയ്ക്കും ആരോഗ്യ വകുപ്പ് പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. ജനകീയാരോഗ്യ കേന്ദ്രങ്ങളിൽ കൂടി കാൻസർ പ്രാരംഭ പരിശോധന ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
English Summary: Mammogram in district and taluk hospitals for early detection of breast cancer
You may also like this video