Site iconSite icon Janayugom Online

മമ്മൂട്ടിയും മോഹൻലാലും ആദ്യം ഒതുക്കിയത് തന്നെ : ശ്രീകുമാരൻ തമ്പി

മമ്മൂട്ടിയും മോഹൻലാലും ആദ്യം ഒതുക്കിയത് തന്നെയാണെന്നും മലയാള സിനിമയെ തകര്‍ത്തത് ഇവരുടെ താരാധിപത്യമാണെന്നും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍തമ്പി പറഞ്ഞു. സിനിമ ആര് സംവിധാനം ചെയ്യണമെന്ന് സൂപ്പര്‍ താരങ്ങളാണ് തീരുമാനിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ വന്നതിന് ശേഷമാണ് സൂപ്പര്‍സ്റ്റാര്‍, മെഗാസ്റ്റാര്‍ വിളികള്‍ തുടങ്ങിയത്. പഴയ നിര്‍മാതാക്കളെ മുഴുവന്‍ പുറത്താക്കിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയ നടന്മാര്‍ വന്നതോടെ ‘പവര്‍ ഗ്രൂപ്പ്’ തകർന്നു. താരമേധാവിത്വവും ഇല്ലാതായി തുടങ്ങി. ഇനി പവര്‍ ഗ്രൂപ്പൊന്നും സിനിമയില്‍ ഉണ്ടാകില്ല. 

മലയാള സിനിമയെക്കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ തനിക്ക് അവകാശമുണ്ട്. മാധ്യമങ്ങള്‍ മലയാള സിനിമയെ താറടിച്ചു കാണിക്കുകയാണ് ചെയ്യുന്നത്. ഏറ്റവും കുറച്ച് സ്‌ത്രീ പീഡനം നടക്കുന്നത് മലയാള സിനിമയിലാണ്. മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ നടക്കുന്നത്ര സ്‌ത്രീ പീഡനങ്ങള്‍ മലയാളത്തില്‍ ഇല്ലെന്നും ശ്രീകുമാരന്‍തമ്പി പറഞ്ഞു. പ്രേംനസീര്‍, സത്യന്‍, മധു എന്നിവര്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് താന്‍ മലയാള സിനിമയിലേക്ക് വരുന്നത്. കാസ്റ്റിംഗ് കൗച്ച്, പവര്‍ഗ്രൂപ്പ് എന്നിവ ഉണ്ടോയെന്ന് തനിക്കറിയില്ല എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടാതെ പൂഴ്ത്തിവെച്ചത് തെറ്റാണ്. അതില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്നതില്‍ സര്‍ക്കാരാണ് മറുപടി പറയേണ്ടത്. ലൈംഗീകാരോപണം നേരിടുന്ന മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും ശ്രീകുമാരന്‍ തമ്പി അഭിപ്രായപ്പെട്ടു.

വേതനകാര്യത്തിൽ പുരുഷമേധാവിത്വമുണ്ട്. മുൻപ് മൊത്തം മുടക്കുമുതലിലെ പത്തിലൊന്നാണ് നായകർ വാങ്ങിയിരുന്നതെങ്കിൽ പിന്നീട് മോഹൻലാലും മമ്മൂട്ടിയും മുടക്ക് മുതലിന്റെ മൂന്നിലൊന്നും രണ്ടിലൊന്നും വാങ്ങുന്ന സ്ഥിതിയുണ്ടായി. നടന്മാര്‍ കോടീശ്വരന്മാരാവുകയും നിർമ്മാതാക്കൾ തകരുമായാണ് ചെയ്തത്. ‘ആക്ടേഴ്സ്’ അല്ല സിനിമ ഭരിക്കേണ്ടത്. ‘ക്രിയേറ്റർക്കാ’ണ് ഒന്നാം പരിഗണന. രണ്ടാം സ്ഥാനമേ ‘പെർഫോമർ’ക്കുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അമ്മയുടെ തലപ്പത്തിരുന്ന ചിലർ അനീതി ചെയ്തിട്ടുണ്ട്. പ്രിഥ്വിരാജിനെ ഒരു വർഷത്തേക്ക് വിലക്കിയത് ഇതിനുദാഹരണമാണ്. അമ്മയിലെ ചിലർ മാക്ടയെ തകർക്കാൻ ശ്രമിച്ചു. അങ്ങനെയാണ് മാക്ടയെ പിളർത്തി ഫെഫ്കയുണ്ടാകുന്നത്. ഫലത്തിൽ അമ്മയിലെ ചിലരാണ് ഫെഫ്കയുണ്ടാക്കിയത്. ഇനി ഫെഫ്കയെ കൂടി അമ്മ വിഴുങ്ങിക്കളയരുത്- ശ്രീകുമാരൻ തമ്പി പറഞ്ഞു
.

Exit mobile version