Site icon Janayugom Online

പൗരത്വം തെളിയിക്കാൻ പാടുപെടുന്ന മനുഷ്യന്റെ ജീവിതം പറയുന്ന മാമുക്കോയയുടെ അവസാന ചിത്രം ‘നിയോഗം’ തിയേറ്ററുകളിലേക്ക്

niyogam

പൗരത്വ ഭേദഗതി നിയമം അശാന്തി വിതയ്ക്കുന്ന വർത്തമാനകാലത്ത് പൗരത്വം തെളിയിക്കാൻ പാടുപെടുന്ന മനുഷ്യന്റെ ജീവിതം പറയുന്ന മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രം ‘നിയോഗം’ റിലീസ് ചെയ്യുന്നു. പിറന്ന മണ്ണിൽ പൗരത്വമുണ്ടായിട്ടും അത് തെളിയിക്കാൻ പാടുപെടേണ്ടിവരുന്ന ഹംസക്കോയ എന്ന കഥാപാത്രമായിട്ടാണ് മാമുക്കോയ ചിത്രത്തിൽ വേഷമിടുന്നത്. ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ തന്റെ മാതാവിനെ തനിച്ചാക്കി ശ്രീലങ്കയിലേക്ക് കുടിയേറുകയാണ് ഹംസക്കോയ. അവിടെ പിടിക്കപ്പെട്ട് നാട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ അയാൾ പൗരത്വമെന്ന കടമ്പ കടക്കേണ്ടിവന്നു. ശരിയായ രേഖകളുണ്ടായിട്ടും അയാൾ പൗരത്വം തെളിയിക്കാനുള്ള യാത്രക്കിടെ ലോകത്തോട് വിടപറയുന്നു. മാമുക്കോയ ആദ്യമായി നായക വേഷത്തിലെത്തിയ ചിത്രം കൂടിയാണ് നിയോഗമെന്ന് സംവിധായകൻ അനീഷ് വർമ്മ പറഞ്ഞു. 

ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ട മാമുക്കോയ പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തിൽ അഭിനയിച്ചത്. ചിത്രത്തിന്റെ എഡിറ്റിംഗ് പൂർത്തിയായ സമയം വേഗം ഡബ്ബ് ചെയ്ത് തീർക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. രോഗബാധിതനായി ശബ്ദത്തിന് ചെറിയ പ്രശ്നം വന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അന്ന് അറിഞ്ഞിരുന്നില്ലെന്നും സംവിധായകൻ വ്യക്തമാക്കി. 

അക്ഷയ് അനിൽ, അനീഷ് വർമ്മ തുടങ്ങിയവർ നിർമിച്ച ചിത്രത്തിന്റെ തിരക്കഥ പി ഗോകുൽനാഥാണ്. ടി എസ് ബാബുവാണ് ഛായാഗ്രഹണം. ബിജു അഷ്ടമുടി, ശരൺ, അംബികാ മോഹൻ തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിൽ. വയലാർ ശരത്ചന്ദ്രവർമ, ജയൻ തൊടുപുഴ എന്നിവരുടെ ഗാനങ്ങൾക്ക് സ്റ്റിൽജു അർജുൻ സംഗീതം പകർന്നിരിക്കുന്നു. ചിത്രം ഏപ്രിൽ പത്തിന് തിയേറ്ററുകളിലെത്തുമെന്ന് സംവിധായകൻ അനീഷ് വർമ്മയും തിരക്കഥാകൃത്ത് പി ഗോകുൽനാഥും പറഞ്ഞു.

Eng­lish Sum­ma­ry: Mamukoy­a’s last film ‘Neyo­gam’, which tells the life of a man strug­gling to prove his cit­i­zen­ship, hits theaters

You may also like this video

Exit mobile version