മധ്യപ്രദേശിലെ ദാമോ ജില്ലയിലുള്ള സമന്ന ഗ്രാമത്തിൽ 16 വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമിച്ച 46കാരൻ അറസ്റ്റിലായി. പ്രതിയായ ഗുഡ്ഡ പട്ടേൽ തന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ കഴിഞ്ഞ് ഏതാനും ആഴ്ചകൾക്ക് മുൻപാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ആർത്ത്ഖേഡ ഗ്രാമത്തിൽ നിന്നും സമന്നയിലെ സഹോദരിയുടെ വീട്ടിലേക്ക് വന്ന കൗമാരക്കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്.
സഹോദരിയുടെ വീട്ടിൽ നിന്നും ബൈക്കിൽ മടങ്ങുകയായിരുന്ന കുട്ടിയെ പട്ടേൽ ഇരുമ്പ് വടിയും ചുറ്റികയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് മാരകമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ഗ്രാമവാസികളാണ് പട്ടേൽ കുട്ടിയുടെ തലയിലെ മാംസം ഭക്ഷിക്കുന്നതും കയ്യിൽ നിന്ന് രക്തം കുടിക്കുന്നതും കണ്ടത്. ഗ്രാമവാസികൾ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ചുറ്റിക കാട്ടി ഭീഷണിപ്പെടുത്തി കൃഷിയിടത്തിലേക്ക് ഓടിമറഞ്ഞു.
തുടർന്ന് ഗ്രാമവാസികൾ ഇയാൾക്ക് നേരെ കല്ലെറിയുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പൊലീസ് സംഘം കൃഷിയിടം വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് സ്വന്തം ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാൾക്ക് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

