ഒഡീഷയില്‍ നിന്നും കടത്തിയ 41.5 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. ഓമശ്ശേരി പുത്തൂർ സ്വദേശി ജംഷീറിനെ (32) ആണ് പിടിയിലായത്. കോഴിക്കോട് സിറ്റി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേവായൂർ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട്, മലപ്പുറം കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ സംഘത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായ ജംഷീറെന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോട് മുണ്ടിക്കൽ താഴം പട്ടാളമുക്കിലേക്ക് ഒഡീഷയിൽ നിന്ന് കാറിൽ എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ജംഷീറിന്റെ സുഹൃത്തും ഷൊർണ്ണൂർ സ്വദേശിയുമായ ഫിറോസിന്റെ കാറുമായി ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് ഒഡീഷയിൽ എത്തിയ പ്രതി അവിടെ നിന്നും രണ്ട് കിലോ വീതം 20 കഞ്ചാവ് പാക്കറ്റുകൾ കാറിന്റെ ഡിക്കിയിലും പിൻസീറ്റിലുമായി നിറച്ച് വരുന്നതിനിടെയാണ് വ്യാഴാഴ്ച രാത്രി പൊലീസിന്റെ പിടിയിലായത്. എട്ട് വർഷത്തോളം വിദേശത്തായിരുന്ന പ്രതി നാട്ടിലെത്തിയ ശേഷം നാഷനൽ പെർമിറ്റ് ലോറിയിൽ ഡ്രൈവറായി പോയിരുന്നു. ഈ സമയത്താണ് ഇയാൾ ലഹരിമരുന്ന് വിൽപനയിലേക്ക് തിരിഞ്ഞത്. ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും മൊത്തമായി കഞ്ചാവ് വാങ്ങി കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലെ വിവിധ ഏജന്റുമാർക്ക് നൽകുകയാണ് ചെയ്തിരുന്നത്. ഇയാള്‍ ഇതിനുമുമ്പും നാല് കിലോ കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായിട്ടുണ്ട്.

