മഹാരാഷ്ട്രയിലെ ജൽഗാവിൽ ഒരു പെൺകുട്ടിയോട് സംസാരിച്ചതിന്റെ പേരിൽ 21കാരനായ മുസ്ലിം യുവാവിനെ ഒരു സംഘം ആളുകൾ തല്ലിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. പൊലീസ് റിക്രൂട്ട്‌മെന്റിനായുള്ള ഓൺലൈൻ ഫോം പൂരിപ്പിക്കാൻ ജാംനറിലെത്തിയ റഹീം ഖാനെയാണ് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്.
ഒരു കഫേയിൽ വെച്ച് 17 വയസ്സുള്ള പെൺകുട്ടിയുമായി സംസാരിക്കുന്നത് കണ്ടതിനെ തുടർന്ന് ചിലർ റഹീമിന്റെ ഫോൺ പിടിച്ചുവാങ്ങി പരിശോധിക്കുകയും, തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. റഹീമിനെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് റഹീമിന്റെ പിതാവ് സുലൈമാൻ പറഞ്ഞു. റഹീമിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ പിതാവിനെയും മറ്റ് കുടുംബാംഗങ്ങളെയും ആക്രമിച്ചതായും ആരോപണമുണ്ട്.

