ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗുരുതരമായി പരിക്കേറ്റ ഉടമ മരിച്ചു. വാകത്താനം പാണ്ടൻചിറ ഓട്ടുകുന്നേൽ ഒ ജി സാബു(57) വാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്. ഇന്ന് രാവിലെ 7.30നായിരുന്നു അന്ത്യം. ഇന്നലെ രാവിലെ 10.15നു പാണ്ടൻചിറയിലെ വീടിനു 20 മീറ്റർ അടുത്തുവച്ചാണു കാർ കത്തിയത്. കാർ പൂർണമായും കത്തിനശിച്ചു.
പുറത്തു പോയശേഷം തിരികെ എത്തുമ്പോൾ ചെറിയ സ്ഫോടന ശബ്ദത്തോടെ കാർ കത്തുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗത്താണ് ആദ്യം തീപടർന്നത്. സാബുവിന്റെ ഭാര്യ ഷൈനിയും പിന്നാലെ മക്കളായ അക്ഷയും അക്ഷരയും കാറിനടുത്തേക്ക് ഓടിയെത്തിയിരുന്നു. സമീപത്തു വീടുനിർമാണത്തിലേർപ്പെട്ടിരുന്ന അതിഥിത്തൊഴിലാളികളും നാട്ടുകാരും ഓടിയെത്തിയാണു രക്ഷാ പ്രവർത്തനം നടത്തിയത്. കാറിന്റെ മുൻവാതിൽ തകർത്ത് ഇവർ സാബുവിനെ പുറത്തെടുത്തെങ്കിലും 80% ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു.
English Summary: Man injured after car caught fire, dies in Kottayam
You may also like this video