Site iconSite icon Janayugom Online

കാട്ടുതേനീച്ച ആക്രമണം; ടാപ്പിംഗ് തൊഴിലാളി മരിച്ചു

പത്തനംത്തിട്ട തണ്ണിത്തോട് മേടപ്പാറയില്‍ കാട്ടുതേനീച്ചയുടെ കുത്തേറ്റയാള്‍  മരിച്ചു. ചെന്നപ്പാറ വീട്ടില്‍ അഭിലാഷ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരെല്ലാം ടാപ്പിങ് തൊഴിലാളികളാണ്. രാവിലെ ഒമ്പതു മണിയോടെ ആയിരുന്നു സംഭവം. ആദ്യ ഘട്ട ടാപ്പിങ് ജോലികള്‍ പൂര്‍ത്തിയാക്കി തൊഴിലാളികള്‍ ഭക്ഷണം കഴിക്കാനിരിക്കുന്നതിനിടെയായിരുന്നു കാട്ടു തേനീച്ച ആക്രമിച്ചത്. പലരും പ്രാണരക്ഷാര്‍ത്ഥം സ്ഥലത്ത് നിന്നെണീറ്റ് ഓടി.

ഇതിനിടെ തൊഴിലാളിയായ അഭിലാഷും ഓടി രക്ഷപ്പെടുന്നതിനിടെ ശരീരത്ത് ഉണ്ടായിരുന്ന വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞു. എന്നാല്‍ വള്ളിപ്പടര്‍പ്പുകളില്‍ തട്ടി വീണതോടെ കൂടുതല്‍ കുത്തേല്‍ക്കുകയായിരുന്നു. സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ച അഭിലാഷിനെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണപ്പെട്ടത് . രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരും ആശുപത്രിയില്‍ ചികിത്സയിലാണ്. കടന്നല്‍ കൂടിളകാന്‍ കാരണം പരുന്തുകളുടെ ശല്യമാണെന്നാണ് പ്ലാന്റേഷന്‍ തൊഴിലാളികള്‍ പറയുന്നത്. മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം അഭിലാഷിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Eng­lish sum­mery : Wild bee attack; tap­ping work­er dies

you may also like this video:

Exit mobile version