ഉത്തർപ്രദേശിലെ ആഗ്രയിൽ കാമുകിയെ കൊന്ന് വെട്ടിനുറുക്കി യുവാവ്. യുവതിയുടെ സഹപ്രവർത്തകനായ വിനയ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട യുവതിയുടെ ശരീരം കണ്ടെത്തിയെങ്കിലും തല കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജനുവരി 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന വിനയ്, ഇവരെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. അവിടെവെച്ചുണ്ടായ തർക്കത്തിനൊടുവിൽ വിനയ് യുവതിയെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം പല കഷ്ണങ്ങളാക്കി മുറിച്ചു മാറ്റുകയും ഒരു ചാക്കിലാക്കി തന്റെ സ്കൂട്ടറിൽ കടത്തുകയും ചെയ്തു.
മൃതദേഹാവശിഷ്ടങ്ങൾ അടങ്ങിയ ചാക്ക് വിനയ് യമുന പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് എറിഞ്ഞു. എന്നാൽ യുവതിയുടെ തല സമീപത്തെ ഒരു ഓടയിലാണ് ഉപേക്ഷിച്ചത്. ജനുവരി 24ന് പുലർച്ചെ ഒരു മണിയോടെ ആഗ്രയിലെ പാർവതി വിഹാർ പ്രദേശത്തുനിന്നാണ് തലയില്ലാത്ത നിലയിൽ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. തല കണ്ടെത്താനായി തിരച്ചിൽ തുടരുകയാണെന്നും അറിയിച്ചു.

