Site iconSite icon Janayugom Online

തള്ളവിരലിന്റെ തൊലി എടുത്ത് സുഹൃത്തിന്റെ കയ്യില്‍ ചേര്‍ത്തു: പരീക്ഷയ്ക്ക് ആള്‍മാറാട്ടം നടത്താൻ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍

റെയില്‍വേ റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് ആള്‍മാറാട്ടം നടത്താൻ ശ്രമിച്ച യുവാക്കള്‍ പിടിയില്‍. സ്വന്തം വിരലിലെ ചര്‍മമെടുത്ത് സുഹൃത്തിന്റെ വിരലില്‍ പതിപ്പിച്ചാണ് ആള്‍മാറാട്ടാൻ ശ്രമിച്ചത്. ഗുജറാത്തിലെ വഡോദരയിലാണ് ഞെട്ടിക്കുന്ന സംഭവം. ചൂടാക്കിയ പാനില്‍ വെച്ച് സ്വന്തം കൈവിരല്‍ പെള്ളിച്ചാണ് മനീഷ് കുമാര്‍ എന്ന യുവാവ് ചര്‍മം അടര്‍ത്തിയെടുത്ത് സുഹൃത്തിന്റെ കയ്യില്‍ ചേര്‍ത്ത് പിടിപ്പിച്ചത്. എന്നാല്‍ പരീക്ഷാഉദ്യോഗസ്ഥന്‍ തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ യുവാക്കളെ പിടികൂടുകയായിരുന്നു.

ഓഗസ്റ്റ് 22 ന് നടന്ന റെയില്‍വേ റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കാണ് ആള്‍മാറാട്ടം നടത്താൻ ശ്രമിച്ചത്. രാജ്യഗുരു എന്ന യുവാവിനെയാണ് പരീക്ഷ എഴുതാൻ മനീഷ് കുമാര്‍ ഏല്പിച്ചത്. എന്നാല്‍ രാജ്യഗുരുവിന്റെ കയ്യില്‍ ബയോമെട്രിക് പരിശോധനയ്ക്ക് മുമ്പ് പരീക്ഷാഉദ്യോഗസ്ഥന്‍ സാനിറ്റൈസര്‍ തളിച്ചതോടെ വിരലില്‍ നിന്ന് ചര്‍മം അടര്‍ന്നുവീഴുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്.

പരീക്ഷയില്‍ ക്രമക്കേട് ഒഴിവാക്കുന്നതിനായി എല്ലാ ഉദ്യോഗാര്‍ഥികളുടേയും വിരലടയാളം ആധാര്‍ ഡാറ്റയുമായി ഒത്തുനോക്കുന്നതിനിടെ പലതവണ പരിശോധിച്ചിട്ടും മനീഷ് കുമാറിന്റെ വിരലടയാളം യോജിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍ പെട്ടു. കൂടാതെ അയാള്‍ പാന്റിന്റെ ഇടത്തെ കീശയില്‍ സംശയാസ്പദമായ രീതിയില്‍ എന്തോ ഒളിപ്പിക്കുന്നതും ഉദ്യോഗസ്ഥന്‍ ശ്രദ്ധിച്ചു.

തുടര്‍ന്ന് ചോദ്യം ചെയ്തതോടെ, താന്‍ പകരക്കാരനായി എത്തിയതാണെന്ന കാര്യം രാജ്യഗുരു വെളിപ്പെടുത്തിയത്. ബുധനാഴ്ച മനീഷിനേയും സുഹൃത്ത് രാജ്യഗുരുവിനേയും പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ മൂംഗെര്‍ സ്വദേശികളാണ് ഇവര്‍.

Eng­lish Sumam­ry: Man Removes Thumb Skin, Pastes On Friend’s Hand To Appear For Exam
You may also like this video

Exit mobile version