എട്ടുവയസുകാരിയും മൂന്നര വയസുകാരിയുമായ സഹോദരികളായ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 100 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും. കൊല്ലം പത്തനാപുരം പുന്നല കടയ്ക്കാമൺ വിനോദ് ഭവനത്തിൽ വിനോദിനെയാണ് (32) ശിക്ഷിച്ചത്. അടൂർ ഫാസ്റ്റ് ട്രാക്ക് ആൻഡ് സ്പെഷൽ കോടതിയുടേതാണ് വിധി.
ഇയാളുടെ അടുത്ത ബന്ധുവായ രണ്ടാം പ്രതി രാജമ്മയെ കോടതി താക്കീത് നൽകി വിട്ടയച്ചു. ദൃക്‌സാക്ഷിയുണ്ടെന്ന അപൂർവതയുള്ള കേസിൽ ഫാസ്റ്റ് ട്രാക്ക് ജഡ്ജി എ. സമീറാണ് വിധി പുറപ്പെടുവിച്ചത്.
വിനോദ് മുമ്പ് താമസിച്ചിരുന്ന ഏനാദിമംഗലത്തെ വീട്ടിൽ വെച്ച് 2021 ഡിസംബർ 18ന് രാത്രി 8.30നാണ് കുട്ടിയെ പീഡിപ്പിച്ചത്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഗാന്ധിജിയെപ്പറ്റിയുള്ള പാഠഭാഗം പറഞ്ഞുകൊടുക്കവേ, ഒരിക്കലും ആരോടും കള്ളം പറയരുതെന്ന ഉപദേശം നൽകിയപ്പോഴാണ് എട്ടുവയസ്സുകാരി തനിക്കും അനുജത്തിക്കും നേരിട്ട പീഡനത്തെപ്പറ്റി അമ്മയെ അറിയിച്ചത്. തുടർന്നാണ് അടൂർ പൊലീസിനെ പരാതിയുമായി സമീപിച്ചത്. ദൃക്‌സാക്ഷി എട്ടുവയസ്സുകാരിയായ മൂത്തകുട്ടിയെയും ഇയാൾ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇതിന് അടൂർ പൊലീസ് ആദ്യം എടുത്ത കേസ് വിചാരണയിലാണ്. മൂന്നരവയസ്സുള്ള ഇളയകുട്ടിക്കും പീഡനം ഏൽക്കേണ്ടിവന്നു എന്ന് വ്യക്തമായതിനെത്തുടർന്നാണ് രണ്ടാമത്തെ കേസ് എടുത്തത്.
ഇന്ത്യൻ ശിക്ഷാനിയമം- പോക്സോ വകുപ്പുകൾ പ്രകാരമാണ് 100 വർഷം തടവും നാലുലക്ഷം രൂപയും ശിക്ഷ വിധിച്ചത്. തുക അതിജീവിതക്ക് നൽകണം. പണം അടയ്ക്കാത്തപക്ഷം രണ്ടുവർഷംകൂടി അധികം കഠിനതടവ് അനുഭവിക്കണം.
English Summary: man sentenced to 100 years rigorous imprisonment and fined rs 4 lakh for sexually assaulting minor girls
You may also like this video