Site icon Janayugom Online

ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്; കരാര്‍ ഉടന്‍ ഉറപ്പിച്ചേക്കും

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കാനുള്ള താത്പര്യം വ്യക്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. അതേസമയം ഹാരി കെ­യ്‌ന്‍ ടോട്ടനത്തിൽ തുടരാന്‍ തീരുമാനിച്ചതോടെ റൊണാള്‍ഡോയെ സ്വന്തമാക്കുന്നത് മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. റൊണാള്‍ഡോയുടെ ഏജന്റ് മെന്‍ഡസ് ടൂറിനിൽ എ­ത്തിയതും ശ്രദ്ധേയമാണ്. എന്നാല്‍ നിരവധി കടമ്പകള്‍ താണ്ടിയാല്‍ മാത്രമേ റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ സിറ്റിക്ക് കഴിയൂ.

സിറ്റിയിലേക്കു ചേക്കേറാനാണ് ക്രിസ്റ്റ്യാനോയുടെ തീരുമാനം എങ്കിൽ കൈമാറ്റത്തുകയായി യുവെന്റസ് ഏകദേശം 260 കോടി രൂപയോളം ആവശ്യപ്പെട്ടേക്കും എന്നാണു റിപ്പോർട്ടുകൾ. എന്നാല്‍ യുവന്റസ് റൊണാള്‍ഡോയ്ക്ക് നല്‍കുന്ന വലിയ ശമ്പളവും ട്രാന്‍സ്‌ഫര്‍ ഫീയുമാണ് സിറ്റിയെ വട്ടം കറക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ ട്രാന്‍സ്‌ഫര്‍ വിന്‍ഡോ സൗകര്യം ഒരാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. സെര്‍ജിയോ അഗ്യൂറോ ടീം വിട്ടതോടെ മികച്ച ഒരു സ്‌ട്രൈക്കറുടെ അഭാവം സിറ്റിയിലുണ്ട്. അത് പരിഹരിക്കാനാണ് റൊണാള്‍ഡോയെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നത്. റൊണാള്‍ഡോ ഈ സീസണില്‍ യുവന്റസ് വിടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. യുവന്റസിന്റെ ആദ്യ മ­ത്സരത്തില്‍ താരം പകരക്കാരനായാണ് കളിക്കാനിറങ്ങിയത്.

സീരി എയിലെ യുവന്റസിന്റെ സീസണിലെ ആദ്യ കളിയില്‍ ക്രിസ്റ്റിയാനോ ഇറങ്ങിയില്ല. സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് ക്രിസ്റ്റ്യാനോ തന്നെ അറിയിച്ചതായാണ് വിവരം. പിന്നാലെ പരിശീലനത്തില്‍ മുഴുവന്‍ സമയം ചിലവിടാനും ക്രിസ്റ്റ്യാനോ തയ്യാറായില്ല. എന്നാല്‍ ട്രാന്‍സ്‌ഫര്‍ വിന്‍ഡോ അവസാനിക്കാന്‍ അഞ്ച് ദിവസം മാത്രം മുന്‍പില്‍ നില്‍ക്കെ സൂപ്പര്‍ താരത്തെ സിറ്റിയിലേക്ക് എത്തിക്കാന്‍ ഗാര്‍ഡിയോളയ്ക്കും കൂട്ടര്‍ക്കും സാധിക്കുമോ എന്ന ചോദ്യം ശക്തമാണ്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മാറാന്‍ താത്പര്യപ്പെടുന്നതായി യൂറോപ്യന്‍ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. പുതിയ റിപ്പോര്‍ട്ടുകളും ഇതിനെ ശരിവയ്‌ക്കുന്നതാണ്. സിറ്റിയുടെ പോര്‍ച്ചുഗീസ് താരങ്ങളായ ബെര്‍ണാഡോ സിൽവ, റൂബന്‍ ഡയസ് തുടങ്ങിയവരുമായി റൊണാള്‍ഡോ സംസാരിച്ചെന്നാണ് സൂചന.

Eng­lish sum­ma­ry: Cris­tiano Ronal­do to join Mach­ester city

You may also like this video:

Exit mobile version