Site iconSite icon Janayugom Online

പത്തു ഗോളുകളുടെ പൂരം; ചരിത്രവിജയവുമായി മാഞ്ചസ്റ്റർ സിറ്റി

എഫ്എ കപ്പിൽ ചരിത്രവിജയവുമായി മാഞ്ചസ്റ്റർ സിറ്റി. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ എക്സ്റ്റർ സിറ്റിയെ ഒന്നിനെതിരെ പത്ത് ഗോളുകൾക്കാണ് (10–1) പെപ് ഗ്വാർഡിയോളയുടെ സംഘം തകർത്തുകളഞ്ഞത്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് എഫ്എ കപ്പിൽ ഒരു ടീം പത്ത് ഗോളുകൾ നേടുന്നത്. 1987 ലാണ് ഇതിനുമുമ്പ് ഇത്തരമൊരു ഗോൾവേട്ട നടന്നത്.
പെപ് ഗ്വാർഡിയോളയ്ക്ക് കീഴിൽ സിറ്റി നേടുന്ന ഏറ്റവും വലിയ വിജയമാണിത്. റിക്കോ ലൂയിസ് രണ്ട് ഗോള്‍ നേടി. മാക്സ് അലൈന്‍, റോഡ്രി, അന്റോയിൻ സെമെൻയോ, ടിജാനി റെയ്ജൻഡേഴ്സ്, നിക്കോ ഒ റെയ്ലി, റയാൻ മക്ഐഡൂ എന്നിവരും വലകുലുക്കി, ജെയ്ക്ക് ഡോയൽ, ജാക്ക് ഫിറ്റ്സ്വാട്ടർ എന്നിവരുടെ സെല്‍ഫ് ഗോളുകളും സിറ്റിയുടെ സ്കോര്‍നില കൂട്ടി. 

90-ാം മിനിറ്റിൽ ജോർജ് ബിർച്ചിലൂടെ എക്സ്റ്റർ ഒരു ആശ്വാസ ഗോൾ കണ്ടെത്തി. അതേസമയം നിലവിലെ ചാമ്പ്യന്മാരായ ക്രിസ്റ്റൽ പാലസിനെ ആറാം ഡിവിഷൻ ക്ലബ്ബായ മക്കല്‍സ്ഫീൽഡ് ടൗൺ എഫ്‌സി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. റാങ്കിങ്ങിൽ 117-ാം സ്ഥാനത്തുള്ള മക്കിൾസ്ഫീൽഡ് ടൗൺ തുടക്കം മുതൽ കരുത്തരായ പാലസിനെതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 43-ാം മിനിറ്റിൽ പോൾ ഡോവ്സൺ നേടിയ ഗോളിലൂടെ മക്കിൾസ്ഫീൽഡ് ആദ്യ ലീഡ് എടുത്തു. രണ്ടാം പകുതിയിൽ 61-ാം മിനിറ്റിൽ ഇസാക്ക് ബക്ക്‌ലി റിക്കൽട്‌സ് രണ്ടാമത്തെ ഗോളും വലയിലെത്തിച്ചതോടെ പാലസ് പതറി. മത്സരത്തിന്റെ തൊണ്ണൂറാം മിനിറ്റിൽ യരമി പിനോ പാലസിനായി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും അപ്പോഴേക്കും സമയം വൈകിയിരുന്നു. 

എഫ്എ കപ്പിലെ മറ്റ് മത്സരങ്ങളിൽ പ്രമുഖ ടീമുകൾ മികച്ച വിജയം സ്വന്തമാക്കി. പുതിയ പരിശീലകൻ ലിയാം റോസീനിയർക്ക് കീഴിലിറങ്ങിയ ചെൽസി ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് (5–1) ചാൽട്ടനെ തകർത്തു. ആവേശകരമായ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആസ്റ്റൺ വില്ല ടോട്ടനത്തെ വീഴ്ത്തി. ഡോൺകസ്റ്ററിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് സതാംപ്ടൺ പരാജയപ്പെടുത്തി.
ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് വാട്‌ഫോർഡിനെ ബ്രിസ്റ്റോൾ സിറ്റിയും തകർത്തു. 

Exit mobile version