Site iconSite icon Janayugom Online

മാഞ്ചസ്റ്റര്‍ മാസ്; ബ്രൂണോ ഫെര്‍ണാണ്ടസിന് ഹാട്രിക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡും ടോട്ടന്‍ഹാമും യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍. രണ്ടാംപാദ പ്രീക്വാർട്ടറിൽ റയൽ സോസി‍ഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് യുണൈറ്റഡ് തറപറ്റിച്ചത്. ഇതോടെ ഇരുപാദങ്ങളിലുമായി 5–2ന്റെ വമ്പന്‍ ജയത്തോടെ ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയായിരുന്നു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഹാട്രിക്കാണ് യുണൈറ്റഡിന് മികച്ച വിജയം സമ്മാനിച്ചത്. മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് റയല്‍ സോസിഡാഡാണ്. 10-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഒയർസബാൾ ലീഡ് നേടി. എന്നാല്‍ അധികം വൈകാതെ 16-ാം മിനിറ്റില്‍ യുണൈറ്റഡിന് അനുകൂലമായ പെനാല്‍റ്റിയെത്തി. ലക്ഷ്യം തെറ്റാതെ ബ്രൂണോ സോസിഡാഡിന്റെ വലയില്‍ പന്തെത്തിച്ചു. ഇതോടെ ആദ്യ പകുതി ഒപ്പത്തിനൊപ്പം നിന്നു. രണ്ടാം പകുതിയുടെ 50-ാം മിനിറ്റില്‍ വീണ്ടും യുണൈറ്റഡിനനുകൂലമായ പെ­നാല്‍റ്റിയെത്തി. വീണ്ടും ബ്രൂണോ ഫെർണാണ്ടസ് ലക്ഷ്യം തെറ്റാതെ പന്ത് വലയിൽ എത്തിച്ചു. 63-ാം മിനിറ്റിൽ റയൽ സോസിഡാഡ് താരം ജൊന്‍ അരംബുരു ചുവപ്പ് കാർഡ് കണ്ടു. ഡോർഗുവിനെ ഫൗൾ ചെയ്തതിനായിരുന്നു ഈ ചുവപ്പ്. ഇതോടെ സോസിഡാഡ് 10 പേരായി ചുരുങ്ങി. പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പൂർണ ആധിപത്യം പുലര്‍ത്തി. 86-ാം മിനിറ്റിൽ ഗർനാചോയുടെ പാസ് സ്വീകരിച്ച് ബ്രൂണോ ഫെർണാണ്ടസ് ഹാട്രിക്ക് പൂർത്തിയാക്കി. 91–ാം മിനിറ്റിൽ ഡോഗോ ഡലോട്ടും യുണൈറ്റ‍ഡിനായി വലകുലുക്കി. ഇതോടെ യുണൈറ്റഡ് 4–1ന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. 

അസ് അല്‍കമാറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ടോട്ടന്‍ഹാം പരാജയപ്പെടുത്തിയത്. ടോട്ടന്‍ഹാമിനായി വില്‍സണ്‍ ഒഡോബെര്‍ട്ട് ഇരട്ടഗോളുകള്‍ നേടി. ജെയിംസ് മാഡിസണ്‍ ആണ് മറ്റൊരു സ്കോറര്‍. ഇരുപാദങ്ങളിലുമായി 3–2ന്റെ അഗ്രഗേറ്റ് സ്കോറോടെയാണ് ടോട്ടന്‍ഹാം ക്വാര്‍ട്ടറില്‍ കടന്നത്. മറ്റൊരു മത്സരത്തില്‍ ഫ്രഞ്ച് ക്ലബ്ബ് ലില്ലെ എഫ്‌സിഎസ്ബിയെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തകര്‍ത്തു. ജോര്‍ജസ് മികാവുടേഡ്സ്, ഏര്‍നെസ്റ്റ് നുവാമ എന്നിവര്‍ ഇരട്ടഗോളുകള്‍ നേടി. ഇരുപാദങ്ങളിലുമായി 7–1ന്റെ വമ്പന്‍ മാര്‍ജിനിലാണ് ലില്ലെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. 

Exit mobile version