Site iconSite icon Janayugom Online

ചെല്‍സിയെ വീഴ്ത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ വീഴ്ത്തി വീണ്ടും വിജയവഴിയിലെത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സ്വന്തം മൈതാനമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്ററിന്റെ വിജയം.
ആദ്യ പകുതിയില്‍ ആധിപത്യം പുലര്‍ത്താന്‍ മാഞ്ചസ്റ്ററിനായി. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ചെല്‍സി തിരിച്ചടി നേരിട്ടു. അഞ്ചാം മിനിറ്റില്‍ റോബര്‍ട്ട് സാഞ്ചോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ചെല്‍സി 10 പേരായി ചുരുങ്ങി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബ്രയാന്‍ എംബ്യുമോയുടെ മുന്നേറ്റം ബോക്‌സിനു പുറത്തേക്കിറങ്ങി തടുക്കാനുള്ള താരത്തിന്റെ ശ്രമത്തിനിടെ അപകടകരമായ ഫൗളിനു റഫറി താരത്തെ നേരിട്ട് ചുവപ്പു കാര്‍ഡ് കാണിച്ചു. പിന്നാലെ 14-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ മാഞ്ചസ്റ്റര്‍ മുന്നിലെത്തി. 37-ാം മിനിറ്റില്‍ കാസെമിറോ ലീഡ് ഇരട്ടിയാക്കി. എന്നാല്‍ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ മാഞ്ചസ്റ്ററിന്റെ കാസെമിറോയ്ക്കും ചുവപ്പ് കാര്‍ഡ് കണ്ടതോടെ 10 പേരായി ചുരുങ്ങി. പന്തുമായി മുന്നേറിയ ചെല്‍സി താരം ആന്ദ്രെ സാന്റോസിനെ വീഴ്ത്തിയതിനാണ് താരത്തിനു ചുവപ്പ് കാര്‍ഡ് ലഭിച്ചത്.
രണ്ടാം പകുതിയില്‍ 10 പേരായാണ് ഇരുടീമും കളിച്ചത്. 80-ാം മിനിറ്റില്‍ ട്രെവോ ചലോഭായിലൂടെ ചെല്‍സി ഒരു ഗോള്‍ മടക്കി. എന്നാല്‍ സമനില കണ്ടെത്താനായില്ല. പരാജയപ്പെട്ടെങ്കിലും അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റോടെ ആറാമാതാണ് ചെല്‍സി. വിജയത്തോടെ ഏഴ് പോയിന്റുമായി 10-ാമതേക്കുയരാന്‍ മാഞ്ചസ്റ്ററിനായി.
മറ്റൊരു മത്സരത്തില്‍ ബ്രെന്റ്ഫോര്‍ഡിനെ തകര്‍ത്ത് ഫുള്‍ഹാം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയം. അലക്സ് എല്‍ബോവി (38), ഹാരി വില്‍സണ്‍ (40) എന്നിവരും ബ്രെന്റ്ഫോര്‍ഡ് താരം ഏതന്‍ പിന്നോക്കിന്റെ സെല്‍ഫ് ഗോളുമാണ് ഫുള്‍ഹാമിന്റെ അക്കൗണ്ടില്‍ ഗോളുകളെത്തിച്ചത്. മിക്കല്‍ ഡാംസ്ഗാര്‍ഡാണ് ബ്രെന്റ്ഫോര്‍ഡിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. 

Exit mobile version