Site iconSite icon Janayugom Online

ശനിയൊഴിയാതെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

യൂറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തുടര്‍ച്ചയായ രണ്ടാം സമനില. പോര്‍ച്ചുഗല്‍ ക്ലബ്ബായ പോര്‍ട്ടോയാണ് 3–3ന് മാഞ്ചസ്റ്ററിനെ സമനിലയില്‍ കുരുക്കിയത്. രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് മാഞ്ചസ്റ്റര്‍ സമനില വഴങ്ങിയത്. ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് തുടർച്ചയായ രണ്ടാം മത്സരത്തിലും ചുവപ്പുകാർഡ് കണ്ടു. ഏഴാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് മാഞ്ചസ്റ്ററിനെ ആദ്യം മുന്നിലെത്തിക്കുന്നത്. 20-ാം മിനിറ്റില്‍ റാസ്മസ് ഹോജ്‌ലുണ്ടാണ് രണ്ടാം ഗോള്‍ പോര്‍ട്ടോയുടെ വലയിലാക്കിയത്. 27-ാം മിനിറ്റില്‍ വെറ്ററന്‍ പ്രതിരോധ താരം പെപ്പെ പോര്‍ട്ടയ്ക്ക് ആദ്യ ഗോള്‍ സമ്മാനിച്ചു. സമു ഒമൊറോഡിയോണിലൂടെ പോര്‍ട്ടോ സമനിലയും പിടിച്ചു. രണ്ടാം പകുതി തുടങ്ങി 50-ാം മിനിറ്റില്‍ ഒമൊറോഡിയോണ്‍ തന്റെ രണ്ടാം ഗോളിലൂടെ പോര്‍ട്ടോയെ മുന്നിലെത്തിച്ചു. ഇഞ്ചുറി സമയത്ത് ഹാരി മഗ്വയറാണ് മാഞ്ചസ്റ്റിനെ തോല്‍വിയില്‍ നിന്നും രക്ഷപ്പെടുത്തിയത്. രണ്ട് സമനിലയോടെ രണ്ട് പോയിന്റോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 21-ാമതാണ്. 

മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക് ക്ലബ്ബ് അല്‍ക്മാറിനെ 2–0ന് തോല്പിച്ചു. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം വില്യംസും സാന്‍സെറ്റുമാണ് അത്‌ലറ്റിക്കിന്റെ ഗോളുകള്‍ നേടിയത്. റേഞ്ചേഴ്സിനെതിരെ ഫ്രഞ്ച് ക്ലബ്ബ് ലിയോണിന് വമ്പന്‍ വിജയം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റേഞ്ചേഴ്സിനെ തോല്പിച്ചത്. മാലിക്ക് ഫൊഫാന, അലക്‌സാന്‍ഡ്രെ ലക്കാസെറ്റെ എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി. ടോട്ടനം തുടര്‍ച്ചയായി രണ്ടാം മത്സരവും ജയിച്ചു. ഫെറന്‍ക്വാറോസിനെയാണ് ടോട്ടനം എവേ പോരില്‍ വീഴ്ത്തിയത്. 1–2 എന്ന സ്‌കോറിനാണ് സ്പര്‍സ് വിജയിച്ചത്. 23-ാം മിനിറ്റില്‍ പെപെ മാറ്ററും 86-ാം മിനിറ്റില്‍ ബ്രെണ്ണന്‍ ജോണ്‍സനും വല ചലിപ്പിച്ചു. ഫെറന്‍ക്വാറോസിന്റെ ആശ്വാസ ഗോള്‍ ബാന്‍ബസ് വര്‍ഗ 90-ാം മിനിറ്റില്‍ വലയിലാക്കി.

Exit mobile version