Site iconSite icon Janayugom Online

മണ്ഡല മഹോത്സവത്തിന് ഇന്ന് സമാപനം; മകരവിളക്ക് ഉത്സവത്തിനായി 30ന് തുറക്കും

41 ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാലതീർഥാടനത്തിന് സമാപനം. രാത്രി 11 മണിക്ക് ഹരിവരാസനം പാടി നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും. മണ്ഡലകാലതീർഥാടനത്തിന് സമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ ശനിയാഴ്ച രാവിലെ 10.10നും 11.30 നും ഇടയിൽ നടക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലാണ് മണ്ഡലപൂജ നടക്കുന്നത്. മണ്ഡലപൂജയ്ക്കായി ശബരിമല സന്നിധാനത്ത് എത്തിച്ച തങ്ക അങ്കിക്ക് ഭക്തി നിർഭരമായ വരവേൽപ്പ് നൽകി. തുടർന്ന് തങ്ക അങ്കി ചാർത്തിദീപാരാധന നടന്നു. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമയാണ് മണ്ഡലപൂജയ്ക്ക് ചാർത്തുന്നതിനുള്ള തങ്ക അങ്കി 1973 ൽ നടയ്ക്ക് വച്ചത്. 

ചൊവ്വാഴ്ച ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നാണ് തങ്ക അങ്കി ഘോഷയാത്ര ആരംഭിച്ചത്. ഉച്ചയോടെ പമ്പയിലെത്തിയ തങ്ക അങ്കിഘോഷയാത്രയെ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. വൈകിട്ട് 5.20ന് ശരംകുത്തിയിലെത്തിയ ഘോഷയാത്രയ്ക്ക് ദേവസ്വം ബോർഡ് ഔദ്യോഗിക സ്വീകരണം നൽകി. എക്സിക്യൂട്ടീവ് ഓഫീസർ ഒ ജിബിജു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീനിവാസ്, ഫെസ്റ്റിവൽ കൺട്രോളർ ശാന്തകുമാർ എന്നിവരടങ്ങിയ സംഘം ശരംകുത്തിയിലെത്തി തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. 

പതിനെട്ടാംപടിക്ക് മുകളിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ, ദേവസ്വം ബോർഡ് അംഗങ്ങളായ കെ രാജു, പി ഡി സന്തോഷ് കുമാർ, ദേവസ്വം കമ്മിഷണർ ബി സുനിൽകുമാർ, എന്നിവരുടെ നേതൃത്വത്തിൽ തങ്ക അങ്കി ഏറ്റുവാങ്ങി. എഡിജിപി എസ് ശ്രീജിത്ത്, ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ രഞ്ജിത്ത് കെ. ശേഖർ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്നു സോപാനത്തിൽവച്ച് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയും സഹശാന്തിമാരും ചേർന്ന് തങ്ക അങ്കി ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി. 6.40ന് തങ്ക അങ്കി ചാർത്തിയുള്ള മഹാ ദീപാരാധന നടന്നു. തുടർന്നു ഭക്തർക്ക് തങ്ക അങ്കി വിഭൂഷിതനായ അയ്യപ്പവിഗ്രഹം ദർശിക്കാൻ അവസരം ഒരുക്കി. 

Exit mobile version