ശബരിമലയില്‍ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കമായി.ഇന്ന് വെളുപ്പിന് നാല് മണിക്ക് പുതിയ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി നടതുറന്നു. തുടര്‍ന്ന് ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങി. ഭസ്മാഭിഷിക്തനായി യോഗനിദ്രയിലായിരുന്ന അയ്യപ്പസ്വാമിയെക്കണ്ട് മലമുകളില്‍ മുഴങ്ങിയ ശരണംവിളികള്‍ ഇനി രണ്ടരമാസത്തോളം അലയടിക്കും. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി, തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ നടതുറന്ന് ദീപം തെളിയിച്ചു. നടതുറന്നശേഷം മേല്‍ശാന്തി പടിയിറങ്ങിയെത്തി താഴേതിരുമുറ്റത്തെ ആഴി ജ്വലിപ്പിച്ചു.
തുടര്‍ന്ന് നിയുക്ത ശബരിമല മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തി ശംഭു നമ്പൂതിരിയെയും കൈപിടിച്ച് സ്വീകരിച്ച് സോപാനത്തേക്ക് ആനയിച്ചു. തുടര്‍ന്ന് അവരോധച്ചടങ്ങുകളും നടന്നു. ഡിസംബര്‍ 26 വരെയാണ് മണ്ഡലോത്സവം. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30‑ന് തുറക്കും. 2022 ജനുവരി 20 വരെയാണ് മകരവിളക്ക് ഉത്സവം. ജനുവരി 19 വരെ ദര്‍ശനത്തിനുള്ള അനുമതിയുണ്ട്. തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 26‑ന് നടക്കും. മകരവിളക്ക് ദിവസമായ ജനുവരി 14‑ന് വൈകുന്നേരം 6.30‑ന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന നടക്കും.
വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തവര്‍ക്കെല്ലാം ഇന്ന് മുതല്‍ ദര്‍ശനം നടത്താം. ഒരു ദിവസം 30,000 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചിട്ടുള്ളതെങ്കിലും ആദ്യ നാലു ദിവസങ്ങളില്‍ ശരാശരി 8000 പേര്‍ മാത്രമേ ബുക്ക് ചെയ്തിട്ടുള്ളൂ. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ സ്വയം യാത്ര ഒഴിവാക്കിയാല്‍ അവര്‍ക്ക് 18ന് ശേഷം ഒരാഴ്ച ഇതേ ടിക്കറ്റ് ഉപയോഗിച്ച് ദര്‍ശനം നടത്താന്‍ അവസരമുണ്ടാവും. പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ സ്നാനം വ്യാഴം വരെ അനുവദിച്ചിട്ടില്ല. വ്യാഴാഴ്ച വരെ സ്പോട്ട് ബുക്കിങ്ങും ഉണ്ടാവില്ല. പമ്പയിലും സന്നിധാനത്തും തീരെ കുറച്ച് ഹോട്ടലുകള്‍ മാത്രമാണുള്ളത്. പമ്പയിലും സന്നിധാനത്തും നിലയ്ക്കലും ചൊവ്വാഴ്ച മുതല്‍ അന്നദാനം ഉണ്ടാവും.
English Summary : mandala makaravilakk pilgrimage started in sabarimala
You may also like this video :