മണ്ഡല ‑മകരവിളക്ക് തീർഥാടനത്തിനു സമാപനം കുറിച്ച് ശബരിമല ക്ഷേത്രനട അടച്ചു. തീർഥാടകരുടെ ദർശനം ഇന്നലെ രാത്രി പൂർത്തിയാക്കി ഗുരുതിയും നടത്തി. ഇന്ന് രാവിലെ 5ന് നട തുറന്നു രാജപ്രതിനിധിയുടെ ദർശനത്തിനായി തന്ത്രിയും മേൽശാന്തിയും ചേർന്ന് അയ്യപ്പനെ ഒരുക്കി.
തുടർന്ന് തിരുവാഭരണ വാഹകർ തിരുനടയിൽ എത്തി പ്രാർഥിച്ചു. തിരുവാഭരണ പെട്ടികൾ ശിരസിലേറ്റി പതിനെട്ടാംപടി ഇറങ്ങി. അടുത്ത ഒരു വർഷത്തെ ചെലവിനുള്ള പണം കണക്കാക്കി കിഴി ദേവസ്വം മാനേജർക്ക് രാജപ്രതിനിധി നൽകുന്നു. അതിനു ശേഷം പന്തളം രാജപ്രതിനിധി ശങ്കര്‍ വര്‍മ എത്തി അയ്യപ്പനെ തൊഴുതു. സോപാനത്ത് ഏറെ നേരം നിന്നാണ് ദർശനം നടത്തിയത്. ഈ സമയം മേൽശാന്തി വാതലിനു മറഞ്ഞു.
ദർശനം പൂർത്തിയായ ഉടൻ മേൽശാന്തി അയ്യപ്പനെ ഭസ്മാഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടച്ചു. മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവിലിന്റെ താക്കോൽ രാജപ്രതിനിധി ശങ്കർ വർമയ്ക്ക് കൈമാറി. അതിനു ശേഷം മേൽശാന്തി പതിനെട്ടാംപടിയിറങ്ങി. രാജപ്രതിനിധിയും സംഘവും വിട ചൊല്ലി പന്തളത്തേക്ക് മടക്ക യാത്ര തുടങ്ങുന്നു. രാജപ്രതിനിധി കൊടിമരത്തിനു സമീപമുള്ള ഗേറ്റ് അടച്ചാണ് പടിയിറങ്ങിയത്.
പതിനെട്ടാംപടിക്കു താഴെയായിരുന്നു ആചാരപരമായ താക്കോൽ കൈമാറ്റം. അടുത്ത ഒരു വര്‍ഷത്തേക്കുള്ള ചെലവിനായി ഒരു കിഴി പണവും ക്ഷേത്രത്തിന്റെ താക്കോലും രാജപ്രതിനിധി കൈമാറി. ഒരു വർഷത്തെ ചെലവിന്റെ മിച്ചം കണക്കാക്കി പണക്കിഴി ദേവസ്വം മാനേജർ സുനിൽകുമാർ രാജപ്രതിനിധിക്കും കൈമാറി.
രാജപ്രതിനിധി പരിവാര സമേതം നടന്നു നീങ്ങി. തിരുവാഭരണ ഘോഷയാത്ര ശബരിമലയിൽ നിന്ന് പന്തളത്തേക്ക് പുറപ്പെട്ടപ്പോൾ രാവിലെ ആറിന് തിരുവാഭരണങ്ങള്‍ കാല്‍നടയായി പന്തളം കൊട്ടാരത്തിലേക്ക് എഴുന്നള്ളിച്ചു. തിരുവാഭരണ ഘോഷയാത്ര ഇന്ന് രാത്രി ളാഹ ഫോറസ്റ്റ് സത്രത്തിൽ തങ്ങും. നാളെ റാന്നി പെരുനാട് ശാസ്താ ക്ഷേത്രത്തിൽ ചാർത്തും. 23 ന് പന്തളം കൊട്ടാരത്തിൽ മടങ്ങി എത്തും.
English Summary: Mandala Makaravilakku pilgrimage concludes: Sabarimala trail closed
You may like this video also