Site iconSite icon Janayugom Online

അപ്പര്‍ പ്രൈമറിയിലും മിനിമം മാര്‍ക്ക് നിര്‍ബന്ധം: മന്ത്രി വി ശിവൻകുട്ടി

പുതിയ അധ്യയന വർഷം മുതൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകളില്‍ സബ‌്ജക്ട് മിനിമം നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനം കോട്ടണ്‍ഹില്‍ സ്കൂളില്‍ നിർവഹിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. എട്ടാംക്ലാസിൽ മിനിമം മാർക്ക് സമ്പ്രദായം നടപ്പ് അധ്യയന വര്‍ഷം നടപ്പാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളിലും അധ്യാപകരിലും രക്ഷിതാക്കളിലും നിന്ന് ലഭിച്ച മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നും മന്ത്രി പറഞ്ഞു. 

എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും കുറഞ്ഞത് 30 ശതമാനം സ്കോർ എന്ന അടിസ്ഥാന അക്കാദമിക് നിലവാരം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച്, ഓരോ കുട്ടിയെയും പിന്തുണയ്ക്കുന്നതിനും ഉയർത്തുന്നതിനുമായി ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. മിനിമം മാനദണ്ഡങ്ങൾ പാലിക്കുക മാത്രമല്ല, പൂർണ മികവാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. അടുത്തവർഷം 10-ാം ക്ലാസിലും നടപ്പാക്കും. ഇതോടെ 2026–27 അധ്യയനവർഷം മുതൽ യുപി, ഹൈസ്കൂൾ ക്ലാസുകളിലെല്ലാം മിനിമം മാർക്ക് വ്യവസ്ഥ നിലവിൽ വരും. 

വാർഷിക പരീക്ഷയിൽ 30 ശതമാനം മാർക്ക് നേടിയില്ലെങ്കില്‍ പുനഃപരീക്ഷ എഴുതണം. എട്ടാം ക്ലാസിൽ നടപ്പാക്കിയ അതേ രീതിയിൽ അവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകളിലൂടെ പഠനപിന്തുണ നൽകി വീണ്ടും പരീക്ഷ എഴുതിക്കുന്നതാണ് രീതി. നിശ്ചിത മാര്‍ക്കില്ലാത്ത വിഷയത്തിൽ മാത്രമായിരിക്കും പുനഃപരീക്ഷ. എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇപ്പോൾ സ്കൂളുകളിൽ ഇത്തരത്തിൽ പഠനപിന്തുണാ ക്ലാസ് നടക്കുകയാണ്. നാളെ മുതൽ 28 വരെയാണ് പുനഃപരീക്ഷ. 2026 — 27 മുതൽ എസ്എസ്എൽസിക്ക് എല്ലാ വിഷയങ്ങളിലും എഴുത്തുപരീക്ഷയിൽ 30 ശതമാനം മാർക്ക് നേടിയാലേ ഉപരിപഠനത്തിന് അര്‍ഹത ലഭിക്കൂ. 

Exit mobile version