Site icon Janayugom Online

മംഗലാപുരം സ്ഫോടനം: പ്രതിക്ക് ഐഎസ് ബന്ധം: കേരളമടക്കം സന്ദര്‍ശിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട്

മംഗലാപുരത്ത് നടന്ന സ്ഫോടനത്തില്‍ അറസ്റ്റിലായ ഷാരിഖിന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടായിരുന്നെന്ന് പോലീസ്. ഷാരിഖിന്റെ തീവ്രവാദ ബന്ധത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയെന്ന് കര്‍ണാടക പോലീസ് എഡിജിപി അലോക് കുമാര്‍ വ്യക്തമാക്കി. ഐഎസ് മാതൃകയില്‍ ഷാരിഖ് ബോംബുമായി നില്‍ക്കുന്ന ചിത്രം എടുത്തതാണ് സംശയത്തിന് കാരണം. കൂടീതെ ഡാര്‍ക് വെബ് ഉപയോഗിച്ചാണ് ഇയാള്‍ കൂട്ടാളികളെ ബന്ധപ്പെട്ടിരുന്നത്.

ഐഎസുമായി ബന്ധമുള്ള അല്‍ ഹിന്ദ് എന്ന സംഘടനയിലെ അംഗങ്ങളും ഇയാള്‍ക്കൊപ്പമുണ്ട്. ഷാരിഖ് വ്യാജ സിം കാര്‍ഡ് സംഘടിപ്പിച്ചത് കോയമ്പത്തൂരില്‍ നിന്നാണെന്നും അറിവായിട്ടുണ്ട്. ഇവര്‍ ഒരു നദിക്കരയില്‍ വച്ച് പരീക്ഷണ സ്ഫോടനവും നടത്തിയിരുന്നു. മംഗലാപുരം നഗരത്തില്‍ വലിയ സ്ഫോടനത്തിനാണ് ഇയാള്‍ പദ്ധതിയിട്ടത്. എന്നാല്‍ ഓട്ടോറിക്ഷയില്‍ വച്ച് ബോംബ് അബദ്ധത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അറാഫത്തലി, മുസാഫിര്‍ ഹുസൈന്‍ എന്നിവര്‍ക്കും സ്ഫോടനത്തില്‍ പങ്കുണ്ട്. അറാഫത്തലി രണ്ട് കേസുകളില്‍ പ്രതിയാണ്. ഇവര്‍ക്കായി അഞ്ച് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അതേസമയം സ്ഫോടനവുമായി ബന്ധപ്പെട്ട് ഊട്ടി സ്വദേശിയായ സുരേന്ദ്രന്‍ എന്നയാളും കസ്റ്റഡിയിലുണ്ടെന്നാണ് എഡിജിപി അറിയിച്ചിരിക്കുന്നത്. ഇയാള്‍ക്കൊപ്പം സംഘം കേരളത്തിലും സന്ദര്‍ശനം നടത്തിയെന്നാണ് കണ്ടെത്തല്‍. കൂടാതെ സിം കാര്‍ഡ് എടുക്കാൻ ആധാര്‍ കാര്‍ഡ് നല്‍കിയതും താമസിക്കാൻ സൗകര്യമൊരുക്കിയതും ഇയാളാണ്. ഷാരിഖിന്റെ വീട്ടില്‍ നിന്നും കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ആലുവയിലും എത്തിയിരുന്നതായാണ് വിവരം. ഇയാള്‍ക്ക് കേരളത്തില്‍ നിന്ന് സഹായം ലഭിച്ചിരുന്നോയെന്ന് അറിയാൻ സംസ്ഥാനത്തെ തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണം ആരംഭിച്ചു.

സ്ഫോടനത്തിനുള്ള സാമഗ്രികള്‍ മേടിച്ചത് ഓണ്‍ലൈൻ വഴിയാണ്. വീട്ടില്‍ വച്ച് ഇതെല്ലാം കൂട്ടിയോജിപ്പിച്ച് ബോംബ് നിര്‍മ്മിച്ചു. നഗുരി ബസ് സ്റ്റാൻഡില്‍ വച്ച് സ്ഫോടനമുണ്ടാക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ ഓട്ടോറിക്ഷയില്‍ വച്ച് അപ്രതീക്ഷിതമായി ബോംബ് പൊട്ടി.

Eng­lish Sum­mery: Man­galu­ru Blast Accused Inspired By ISIS, Vis­it­ed Many Places Includ­ing Kerala
You may also like this video

Exit mobile version