Site iconSite icon Janayugom Online

കാലാവസ്ഥ ചതിച്ചു; മധുരമില്ലാതെ മാമ്പഴക്കാലം

ഈ മാമ്പഴക്കാലത്തിന് അത്ര മധുരമില്ല. കാരണം കാലാവസ്ഥ മാറ്റം തന്നെയാണ്. തോട്ടങ്ങളിൽ ആവശ്യമുള്ള മാങ്ങപോലും കിട്ടാതായതോടെ കർഷകർ പ്രതിസന്ധിയിലാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന മാങ്ങകൾ വിപണിയിൽ കാര്യമായ ചലനമൊന്നും സൃഷ്ടിക്കുന്നില്ല. നാടൻ മാങ്ങകൾക്കാണ് ഇപ്പോൾ ആവശ്യക്കാരുള്ളത്. മാമ്പഴം കയറ്റുമതിയിലും വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ആഭ്യന്തര- വിദേശ വിപണികളിലേക്ക് പ്രതിദിനം 100–150 ടൺ മാങ്ങ കയറ്റി അയച്ചിരുന്ന സ്ഥാനത്തു അതിന്റെ 15 ശതമാനത്തോളം മാത്രമാണ് ഇക്കുറി കയറ്റി അയയ്ക്കാൻ കഴിയുകയെന്നാണ് കർഷകർ കണക്കൂകൂട്ടുന്നത്.

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് പൂവുകൾ കൊഴിഞ്ഞു പോകുന്ന സാഹചര്യമുണ്ടായതാണ് മാങ്ങയുടെ ഉൽപ്പാദനത്തെ പ്രതികൂലമാക്കിയത്. കീടബാധയും കൂടി വന്നതോടെ ജനുവരിയിലും ഫെബ്രുവരിയിലും മാങ്ങ തീരെയില്ലാതായി. ആന്ധ്ര, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നു മാങ്ങ എത്തിത്തുടങ്ങിയതോടെ വിലയിടിവും സംഭവിച്ചു. ജനുവരി ആദ്യം മാങ്ങ കയറ്റി അയച്ച ഏതാനും കർഷകർക്ക് മാത്രമാണ് നല്ല വില ലഭിച്ചത്. അൽഫോൺസ, ബംഗനപ്പള്ളി, സിന്ദൂരം തുടങ്ങിയ മുപ്പതിലധികം ഇനം മാങ്ങയാണ് സംസ്ഥാനത്തെ വിവിധ തോട്ടങ്ങൾ വഴി ഡൽഹി, മുംബൈ, അഹമ്മദാബാദ്, ഗൾഫ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നത്. 150 രൂപയ്ക്കു മുകളിൽ ലഭിക്കുന്ന മാങ്ങകളിൽ പലതിനും ഇത്തവണ 50–80 രൂപ വരെയാണ് ലഭിക്കുന്നത്. ഉല്പാദനം 20 ശതമാനത്തിൽ താഴെയായതും വിലയിടിവിന് കാരണമായി.

അതേസമയം, കാർബൈഡ് അടക്കമുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിക്കുന്ന മാമ്പഴം വിപണിയിൽ എത്താനുള്ള സാധ്യതകളും നിലനിൽക്കുന്നു. ഇക്കാര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജാഗ്രത പാലിക്കുന്നുണ്ട്. റംസാൻ വ്രതത്തിന് തുടക്കമായതും ഉയർന്ന ചൂടും കാരണം പഴങ്ങളുടെ വിപണി ഗണ്യമായി ഉയർന്നിട്ടുണ്ട്. മാമ്പഴങ്ങൾക്ക് ആവശ്യക്കാരെത്തിയിട്ടും നൽകാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് കച്ചവടക്കാർ.

Eng­lish Sum­ma­ry: ker­ala man­go season
You may also like this video

Exit mobile version