സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ സിനിമാ ടൂറിസം പദ്ധതിക്ക് പിന്തുണയുമായി സംവിധായകന്‍ മണിരത്നം. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസുമായി കോഴിക്കോട് നടത്തിയ ചര്‍ച്ചയിലാണ് പദ്ധതിക്ക് മണിരത്നം പിന്തുണയും പ്രോത്സാഹനവും അറിയിച്ചത്.
പ്രശസ്ത സിനിമകള്‍ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓര്‍മ്മകളില്‍ നിലനിര്‍ത്തിക്കൊണ്ട് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതിയാണ് സിനിമാ ടൂറിസം. മണിരത്നം സംവിധാനം ചെയ്ത് അരവിന്ദ് സ്വാമിയും മനീഷാ കൊയ്‌രാളയും മുഖ്യതാരങ്ങളായ ബോംബെ എന്ന സിനിമയിലെ ഗാനരംഗങ്ങള്‍ ഉള്‍പ്പെടെ ചിത്രീകരിച്ച കാസര്‍കോട്ടെ ബേക്കല്‍ കോട്ടയെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ബേക്കലില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാമെന്നും മണിരത്നം സമ്മതിച്ചു. ചിത്രത്തിലെ താരങ്ങളെയും ചടങ്ങില്‍ പങ്കെടുപ്പിക്കും.
മണിരത്നത്തെപ്പോലെയുള്ള മഹാനായ സംവിധായകന്റെ പ്രോത്സാഹനവും സാന്നിധ്യവും പദ്ധതിക്ക് വലിയ ഊര്‍ജമാകുമെന്ന് മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പിനെ സംബന്ധിച്ചിടത്തോളം ഇത് ഏറെ സവിശേഷമായ നിമിഷമാണ്. അഭിമാനത്തോടെയാണ് സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും ഇതിനെ കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ പ്രകൃതിസുന്ദരമായ ഒട്ടേറെ സ്ഥലങ്ങള്‍ വിവിധ സിനിമകളുടെ ഭാഗമായിട്ടുണ്ട്. ചില സ്ഥലങ്ങള്‍ സിനിമയുടെ പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. ഇത്തരം സ്ഥലങ്ങള്‍ വിനോദസഞ്ചാര പ്രദേശങ്ങളായി അടയാളപ്പെടുത്താനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. എല്ലാ ജില്ലകളിലും ഇതിന്റെ സാധ്യത വകുപ്പ് തേടുമെന്നും മന്ത്രി പറഞ്ഞു.
English Summary:Mani Ratnam’s support for Kerala’s film tourism
You may also like this video