മണിപ്പൂരിനെ കേന്ദ്ര സര്‍ക്കാര്‍ കശ്മീരാക്കാൻ ശ്രമിക്കുന്നതായി പ്രതിപക്ഷ പാര്‍ട്ടികള്‍. മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണമുയര്‍ത്തിയത്.
അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. മണിപ്പൂരിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. മണിപ്പൂര്‍ വിഷയത്തിലെ പ്രധാനമന്ത്രിയുടെ മൗനവും സര്‍വകക്ഷിയോഗത്തില്‍ വിമര്‍ശിക്കപ്പെട്ടു. ചര്‍ച്ചകളിലൂടെ മാത്രമെ മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയു എന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി.
ഒരാഴ്ചക്കുള്ളില്‍ സര്‍വകക്ഷി പ്രതിനിധി സംഘത്തെ മണിപ്പൂരിലയക്കണമെന്നു് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധിയും രാജ്യസഭ എംപിയുമായ ഡെരേക്ക് ഒ ബ്രായൻ ആവശ്യപ്പെട്ടു. മണിപ്പൂരിനെ സാധാരണ ഗതിയിലേക്ക് കൊണ്ടുവരുന്നതിന് ഐക്യത്തോടെ പരിശ്രമിക്കണമെന്ന് ആര്‍ജെഡി എംപി മനേജ് ഝാ പറഞ്ഞു.
മണിപ്പൂര്‍ മുഖ്യമന്ത്രി എൻ ബീരേന്‍ സിങ് രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് സമാജ് വാദി, ആര്‍ജെഡി പാര്‍ട്ടികള്‍ ആവശ്യമുന്നയിച്ചു. പൊലീസ്, അസം റൈഫിള്‍സ് എന്നിവയെകൊണ്ട് അടിച്ചമര്‍ത്താൻ നീതി ന്യായ വ്യവസ്ഥയുടെ ലംഘനമല്ല ഉണ്ടായതെന്നും സംസ്ഥാന‑കേന്ദ്ര സര്‍ക്കാരുകളുടെ പരാജയമാണുണ്ടായതെന്നും ഡിഎംകെ അഭിപ്രായപ്പെട്ടു.
എന്നാല്‍ മണിപ്പൂരില്‍ കലാപം ശമിപ്പിക്കാൻ വേണ്ട നടപടികള്‍ സ്വീകരിച്ചതായും ഇതിനുള്ള നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി നല്‍കിയതായും യോഗത്തിന് ശേഷം ബിജെപി നേതാവ് സാമ്പിത് പത്ര പറഞ്ഞു. കലാപം പൊട്ടിപുറപ്പെട്ട അന്നുമുതല്‍ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയുമായി സംസാരിക്കുന്നതായി അമിത് ഷാ വ്യക്തമാക്കിയതായും പത്ര പറഞ്ഞു. കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, നിത്യാനന്ദ റായ്, അജയ് കുമാര്‍ മിശ്ര, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടര്‍ തപൻ ഡേക്ക, മേഘാലയ, സിക്കിം മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.