Site iconSite icon Janayugom Online

മണിപ്പൂര്‍ നിയമസഭാ സമ്മേളനം 29ന് ; ബഹിഷ്കരണവുമായി കുക്കി വിഭാഗത്തിലെ പത്ത് എംഎല്‍എമാര്‍

കലാപം തുടങ്ങിയ ശേഷം ആദ്യമായി സമ്മേളിക്കുന്ന മണിപ്പൂര്‍ നിയമസഭാ സമ്മേളനം ബഹിഷ്കരിക്കാന്‍ കുക്കി വിഭാഗത്തിലെ പത്ത് എംഎല്‍എമാര്‍. ബീരേന്‍സിങ് സര്‍ക്കാരുമായി സഹകരിക്കേണ്ടെന്ന നിലപാടിലാണവര്‍ മെയ്‌തെയ് വിഭാഗത്തിന്റെ മേഖലയിലേക്ക് പോകുന്നതിലുളള ഭയവും കുക്കി എംഎല്‍എമാര്‍ക്കുണ്ട്.മാര്‍ച്ച് മൂന്നിനായിരുന്നു അവസാന സഭാ സമ്മേളനം. 

21ന് നിയമസഭ ചേരാന്‍ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ഗവര്‍ണര്‍ അനസൂയ ഉയ്‌കെ അനുമതി നല്‍കിയിരുന്നില്ല. 29ന് ചേരുന്ന സഭാ സമ്മേളനത്തില്‍ പ്രത്യേക ഭരണ പ്രദേശം ആവശ്യപ്പെടുന്ന 10 കുക്കി എംഎല്‍എമാര്‍ പങ്കെടുക്കില്ലെന്നാണ് വിവരം. മണിപ്പൂരില്‍ ഇതുവരെയും സമാധാനം പുനസ്ഥാപിക്കാത്ത സാഹചര്യത്തില്‍ ബീരേന്‍ സിംഗ് സര്‍ക്കാരുമായി സഹകരിക്കേണ്ടെന്ന തീരുമാനത്തിലാണവര്‍.

40 മെയ്തെയ് എംഎല്‍എമാരും 10 നാഗ എംഎല്‍എമാരും സഭാ സമ്മേളനത്തില്‍ പങ്കെടുക്കും. മണിപ്പൂരിന്റെ പ്രാദേശിക അഖണ്ഡത നിലനിര്‍ത്തണമെന്നാണ് മെയ്തെയ് സംഘടനകളുടെ ആവശ്യം. ഇക്കാര്യം സഭ ചര്‍ച്ച ചെയ്‌തേക്കും. അതിനിടെ കലാപഭീതി അടങ്ങിയിട്ടില്ലാത്ത മണിപ്പൂരില്‍ 22 കമ്പനി കേന്ദ്രസേനയെ കൂടി ഉടന്‍ വിന്യസിക്കും. അമര്‍നാഥ് യാത്ര തത്കാലം നിര്‍ത്തിവച്ച സാഹചര്യത്തില്‍ ജമ്മു കാശ്മീരില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന സേനാംഗങ്ങളില്‍ ഒരു വിഭാഗത്തെയാണ് മണിപ്പൂരിലേക്ക് മാറ്റുക.

നിലവില്‍ 125 കമ്പനി കേന്ദ്രസേന മണിപ്പുരിലുണ്ട്. എന്നാൽ പ്രത്യേക ഭരണ പ്രദേശം ആവശ്യപ്പെടുന്ന കുക്കി, നാഗാ ഗോത്രങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസവും രൂക്ഷമാണ്. കുക്കികള്‍ അവകാശപ്പെട്ട തെഗ്‌നാപാല്‍ ഉള്‍പ്പെടെയുള്ള ജില്ലകളിലെ പ്രദേശങ്ങള്‍ തങ്ങളുടെ പരമ്പരാഗത ഭൂമിയാണെന്നാണ് നാഗകളുടെ അവകാശവാദം.

Eng­lish Summary: 

Manipur Assem­bly ses­sion on 29th; 10 MLAs from Kuki cat­e­go­ry with boycott

You may also like this video:

Exit mobile version