Site iconSite icon Janayugom Online

ആര്‍എസ്എസ് നോമിനിയെ വെട്ടി ; മണിപ്പുരില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് തന്നെ

മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേതാക്കളുടെ അവകാശവാദങ്ങള്‍ക്കിടെ, എന്‍ ബിരേന്‍ സിങ്ങിനെത്തന്നെ മണിപ്പുരിലെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ട് ബിജെപി ദേശീയ നേതൃത്വം തല്‍ക്കാലം രംഗം ശാന്തമാക്കി.

നിലവില്‍ കാവല്‍ മുഖ്യമന്ത്രിയായ ബിരേന്‍ സിങ്ങിനൊപ്പം മുതിര്‍ന്ന നേതാവായ ബിശ്വജിത്ത് കൂടി അവകാശവാദവുമായി രംഗത്തെത്തിയതോടെ മുഖ്യമന്ത്രിയായി ആരെ നിശ്ചയിക്കുമെന്നതില്‍ ദിവസങ്ങളായി അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു. അതിനിടെ ആര്‍എസ്എസിന്റെ നിര്‍ദേശപ്രകാരം, കഴിഞ്ഞ നിയമസഭയിലെ സ്പീക്കര്‍ യുമ്നം ഖേംചന്ദ് സിങ് കൂടി രംഗത്തെത്തിയതോടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമായിരുന്നു.

കഴിഞ്ഞ ദിവസം മൂന്നുപേരെയും ദേശീയ നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് സമവായമുണ്ടായത്. പാര്‍ട്ടിയിലെ ആഭ്യന്തരകലഹം രൂക്ഷമായ സാഹചര്യത്തില്‍ സമവായ സ്ഥാനാര്‍ത്ഥിയായിട്ടാണ് യുമ്നം ഖേംചന്ദിനെ മുഖ്യമന്ത്രിയാക്കാനുള്ള ആലോചന ആര്‍എസ്എസ് മുന്നോട്ടുവച്ചിരുന്നത്. ബിജെപിയുടെ മണിപ്പുരിലെ നിരീക്ഷകരും കേന്ദ്രമന്ത്രിമാരുമായ നിര്‍മ്മല സീതാരാമനും കിരണ്‍ റിജിജുവും ഇംഫാലിലെത്തി സംസ്ഥാനത്തെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ബിരേന്‍ സിങ്ങിനെക്കാള്‍ പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാവാണെങ്കിലും കഴിഞ്ഞ തവണ ബിശ്വജിത്തിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എതിര്‍വിഭാഗം പിടിമുറുക്കിയിരുന്നത്. 60 സീറ്റുകളില്‍ 32 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.

നേരിയ ഭൂരിപക്ഷം മാത്രമുള്ള സാഹചര്യത്തില്‍, ബിരേന്‍ സിങ്ങിനെ മുഖ്യമന്ത്രിയായി നിശ്ചയിച്ചത് പാര്‍ട്ടിയിലെ മറുവിഭാഗത്തിന്റെ എതിര്‍പ്പിന് കാരണമാകുമെന്നും അത് സര്‍ക്കാരിന്റെ നിലനില്പിന് തന്നെ ഭീഷണിയാകുമെന്നുമുള്ള ആശങ്ക ദേശീയ നേതൃത്വത്തിനുണ്ട്.

eng­lish summary;Manipur Chief Min­is­ter Biren Singh

you may also like this video;

Exit mobile version