വിവാദമായ മണിപ്പൂര്‍ വെളിപ്പെടുത്തലുകള്‍ വ്യാജമെന്ന് ബിജെപി സര്‍ക്കാരും എന്‍ ബിരേന്‍ സിങ്ങും അവകാശവാദം തുടരുന്നതിനിടെ ശബ്ദസന്ദേശം പുറത്തുവിട്ടവര്‍ക്കെതിരെ ഭീഷണിയുമായി മുഖ്യമന്ത്രിയുടെ സഹോദരനും ബിജെപി രാജ്യസഭാ എംപിയും രംഗത്ത്.
കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് അജയ് ലാംബ കമ്മിഷന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ട മുഖ്യമന്ത്രിയുടെ ഓഡിയോ സന്ദേശം ദ വയര്‍ ആണ് പുറത്തുവിട്ടത്. കുക്കി വംശഹത്യക്ക് ഒത്താശ ചെയ്തതായും മെയ്തി വിഭാഗത്തെ സര്‍ക്കാര്‍ സംരക്ഷിച്ചതായും മുഖ്യമന്ത്രിയുടെ രഹസ്യസംഭാഷണത്തിലുണ്ട്.
എന്നാല്‍ ശബ്ദരേഖ വ്യാജമാണെന്ന് സംസ്ഥാന സര്‍ക്കാരും പൊലീസും അവകാശപ്പെടുന്നു. ഇതിനിടെയാണ് സന്ദേശം ശത്രുക്കള്‍ക്ക് ചോര്‍ത്തിയ വര്‍ഗവഞ്ചകരെ കണ്ടെത്തുമെന്നും ശിക്ഷിക്കുമെന്നും ഭീഷണിയുമായി മുഖ്യമന്ത്രിയുടെ സഹോദരൻ രാജേന്ദ്രോ നോങ്‌തിംഗ്‌ബാമും ബിജെപിയുടെ രാജ്യസഭാ എംപി ലീയ്ഷംബ സനാജയോബയും രംഗത്തെത്തിയത്.
മണിപ്പൂരിലെ മുന്‍ രാജകുടുംബാംഗമായ സനാജയോബ മെയ്തി തീവ്രവാദ സംഘടനയായ അരംബായ് തെങ്കോലിന്റെ സ്ഥാപകനേതാവ് കൂടിയാണ്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പ്രൊഫൈലില്‍ മഹാരാജയെന്നാണ് സനാജയോബ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. വംശീയ കലാപത്തിനിടെ പൊലീസ് ഡിപ്പോയില്‍ നിന്നും ആയുധങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിസ്ഥാനത്തുള്ള സംഘടനയാണ് സനാജയോബ സ്ഥാപിച്ച അരംബായ് തെങ്കോല്‍.
കുക്കി ശത്രുക്കൾ രണ്ടാം സ്ഥാനത്താണെന്നും രാജ്യദ്രോഹികളെ ആദ്യം കൈകാര്യം ചെയ്യണമെന്നും സനാജയോബ ഫേസ്ബുക്കില്‍ പറഞ്ഞു. രാജ്യദ്രോഹികളുടെ മുഖംമൂടി അഴിക്കുമെന്നും ശിക്ഷിക്കുമെന്നും രാജേന്ദ്രോ നോങ്‌തിംഗ്‌ബാമും ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ ഓഡിയോ ടേപ്പുകൾ ആധികാരികമാണെന്ന സൂചനയാണ് മെയ്തി നേതാക്കളുടെ പരസ്യഭീഷണികൾ നല്‍കുന്നത്. കലാപത്തില്‍ താന്‍ മെയ്തി വിഭാഗത്തിന് അനുകൂല നിലപാട് സ്വീകരിച്ചതായി ബിരേന്‍ സിങ് 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശത്തില്‍ പറയുന്നു.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ 51 എംഎം മോര്‍ട്ടാര്‍ ബോംബുകള്‍, മാരകമായ വെടിമരുന്ന് ഉപയോഗിച്ചുള്ള സ്ഫോടനം എന്നിവയെക്കുറിച്ച് അറിവ് ലഭിച്ചിരുന്നു.
എന്നാല്‍ വിഷയത്തില്‍ താന്‍ മൗനം പാലിച്ചതായി മുഖ്യമന്ത്രി പറയുന്നു. പൊലീസീന്റെ സംഭരണ കേന്ദ്രത്തില്‍ നിന്ന് ആയുധങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ ആരും അറസ്റ്റിലാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. കുക്കി വനിതകളെ തെരുവില്‍ നഗ്നരായി പ്രദര്‍ശിപ്പിച്ച സംഭവത്തിലും ശക്തമായ നടപടി സ്വീകരിക്കാന്‍ മുതിരില്ലെന്ന് ബിരേന്‍ സിങ് മെയ്തി നേതാക്കളെ അറിയിക്കുന്നുണ്ട്. ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ ഒമ്പത് ബിജെപി അംഗങ്ങളുള്‍പ്പെടെ 10 കുക്കി-സോ വിഭാഗം എംഎല്‍എമാര്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.