Site iconSite icon Janayugom Online

മണിപ്പൂര്‍ കലാപത്തില്‍ 31മരണം

മണിപ്പൂരില്‍ കുക്കി-മെയ്തി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 31 മരണം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാനത്ത് ഭരണഘടനാ അനുച്ഛേദം 355 പ്രകാരം കേന്ദ്ര സേനകള്‍ നിയന്ത്രണമേറ്റെടുത്തിട്ടുണ്ട്. ആഭ്യന്തര കലാപങ്ങളിൽ നിന്നും ബാഹ്യ ആക്രമണങ്ങളിൽ നിന്നും ഒരു സംസ്ഥാനത്തെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നതാണ് അനുച്ഛേദം 355.
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് സൈന്യം പറയുന്നു. ഫ്ലാഗ് മാര്‍ച്ച്‌ തുടരുമെന്നും സൈന്യം അറിയിച്ചു. അയല്‍ സംസ്ഥാനങ്ങളായ അസമില്‍ നിന്നും നാഗാലാന്‍ഡില്‍ നിന്നും കൂടുതല്‍ സൈന്യത്തെയും ദ്രുത കർമ്മസേനയേയും എത്തിച്ചിട്ടുണ്ട്. കലാപം രൂക്ഷമായതോടെ സംസ്ഥാനത്തേക്കുള്ള എല്ലാ തീവണ്ടികളും ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കി.
നൂറുകണക്കിനാളുകള്‍ക്ക് അക്രമങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്. ഇംഫാൽ വെസ്റ്റ്, കാക്കിങ്, തൗബൽ, ജിരിബാം, ബിഷ്ണുപൂർ ജില്ലകളിലും ചുരാചന്ദ്പൂർ, തെങ്നൗപാൽ തുടങ്ങിയ ജില്ലകളിലെല്ലാം നിരോധനാജ്ഞ നിലവിലുണ്ട്. ഇതിനുപുറമേയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
രണ്ടുദിവസങ്ങളായി ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധി ഗ്രാമങ്ങൾ ആക്രമിക്കപ്പെട്ടു. ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്തു. നിരവധി കടകൾ, വീടുകൾ, പള്ളികൾ, ക്ഷേത്രങ്ങൾ, വാഹനങ്ങൾ തുടങ്ങിയവ അഗ്നിക്കിരയായി. സംസ്ഥാനത്ത് മൊബൈൽ ഇന്റർനെറ്റ് സേവനം രണ്ടാം ദിവസവും നിര്‍ത്തിവച്ചിരിക്കുകയാണ്. സംഘര്‍ഷത്തിനിടെ പൊലീസ് ട്രെയിനിങ് കോളജില്‍ കടന്ന അക്രമികള്‍ ആയുധങ്ങള്‍ കവര്‍ന്നെങ്കിലും ഇവ കണ്ടെത്തി. സംസ്ഥാന പൊലീസ് മേധാവിയുടെ വസതിക്കുനേരെയും ആക്രമണമുണ്ടായി.
eng­lish sum­ma­ry: Manipur con­flict death 31
you may also like this video:

Exit mobile version