Site iconSite icon Janayugom Online

മണിപ്പൂര്‍ സംഘര്‍ഷഭരിതം

മണിപ്പൂര്‍ വീണ്ടും സംഘര്‍ഷഭരിതം. ജിരിബാമില്‍ സുരക്ഷാസേന നടത്തിയ വെടിവയ്പില്‍ 11 കുക്കി വിഭാഗക്കാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സ്ഥിതിഗതികള്‍ വീണ്ടും രൂക്ഷമായി. വെടിവയ്പിന് പിന്നാലെ മൂന്ന് കുട്ടികളെയും മൂന്ന് സ്ത്രീകളെയും കാണാതായി. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇന്നലെ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. പ്രദേശത്ത് കര്‍ഫ്യു ഏര്‍പ്പെടുത്തി. കുക്കി സോ വിഭാഗം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ മലയോര മേഖല പൂര്‍ണമായും സ്തംഭിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ജകൂരാധോര്‍ സിആര്‍പിഎഫ് ക്യാമ്പ്, ബുരോബേക്ര പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ വെടിവയ്പുണ്ടായത്. കുക്കി ഉപവിഭാഗമായ മാര്‍ ഗോത്രത്തിലെ സായുധസേനാംഗങ്ങളാണ് കൊല്ലപ്പെട്ടത്. നിരവധി കെട്ടിടങ്ങള്‍ തീയിട്ട് നശിപ്പിച്ചു. 

ഒരു മണിക്കൂറോളം നീണ്ടുനിന്ന വെടിവയ്പിന് ശേഷം 13 പേരെ കാണാതാവുകയായിരുന്നുവെന്ന് മണിപ്പൂര്‍ പൊലീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ രണ്ടുപേരുടെ മൃതദേഹമാണ് പിന്നീട് കണ്ടെടുത്തത്. വ്യാപകമായ തിരച്ചിലിനിടെ അഞ്ച് പേരെ കൂടി കണ്ടെത്തിയെങ്കിലും ആറ് പേരെക്കുറിച്ച് വിവരമില്ലെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മെയ്തി വിഭാഗത്തില്‍പ്പെട്ട ലൈഷ്‌റാം ബാലെൻ (56), മൈബം കേശോ (75) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തീയിട്ട് നശിപ്പിച്ച കെട്ടിടത്തിനുള്ളില്‍ നിന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. 

ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും അടഞ്ഞുകിടന്നു. രാവിലെ അഞ്ച് മണി മുതല്‍ 13 മണിക്കൂര്‍ ഹര്‍ത്താലിനാണ് ആഹ്വാനം ചെയ്തത്. നിലവില്‍ അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്. സംഭവത്തില്‍ സുരക്ഷാസേനയ്ക്കെതിരെ അന്വേഷണം നടത്തണമെന്നും കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കുക്കി വിഭാഗം ആവശ്യപ്പെട്ടു. നടപടിയുണ്ടാകുന്നതുവരെ സിആര്‍പിഎഫ് അംഗങ്ങള്‍ ക്യാമ്പിന് പുറത്തിറങ്ങുന്നത് കുക്കി വിഭാഗങ്ങള്‍ വിലക്കിയിട്ടുണ്ട്. 

Exit mobile version