Site icon Janayugom Online

മണിപ്പൂര്‍: നോ പറഞ്ഞ് മോഡി; മുന്ന് പ്രതിനിധി സംഘങ്ങളെയും കാണാന്‍ അനുവദിച്ചില്ല

കലാപബാധിതമായ മണിപ്പൂരില്‍ നിന്നുള്ള മുന്ന് പ്രതിനിധി സംഘത്തിനും സന്ദര്‍ശാനുമതി നിഷേധിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോഡി. ഈമാസം 15 മുതല്‍ രാജ്യതലസ്ഥാനത്ത് തങ്ങിയ മൂന്നു സംഘത്തെയും കാണാനോ, ചര്‍ച്ച നടത്താനോ മുതിരാതെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി തിരിച്ച പ്രധാനമന്ത്രി ഇന്നലെ വൈകിട്ട് യുഎസിലെത്തി. ഭരണകക്ഷിയായ ബിജെപിയുടെ രണ്ട് സംഘവും കോണ്‍ഗ്രസ് നേതാക്കളുടെ ഒരു സംഘവുമാണ് വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടി ഡല്‍ഹിയിലെത്തിയത്. മെയ്തി വിഭാഗത്തില്‍ നിന്നുള്ള ഒന്‍പത് പേരടങ്ങുന്ന എംഎല്‍എമാരുടെ സംഘത്തിന് ഈമാസം 15 ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയെങ്കിലും പിന്നിട് റദ്ദാക്കി.

മെയ്തി വിഭാഗത്തിലെ മറ്റൊരു സംഘം എംഎല്‍എമാര്‍ക്ക് പ്രതിരോധ മന്ത്രി രാജ്നാഥ് സിങുമായും ധനമന്ത്രി നിര്‍മലാ സീതാരാമനുമായും ചര്‍ച്ച നടത്താന്‍ അവസരം ലഭിച്ചു. സംഘത്തില്‍ ജെഡിയു എംഎല്‍എയും സര്‍ക്കാരിന് പിന്തുണ നല്‍കുന്ന നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എംഎല്‍എയും ഉണ്ടായിരുന്നു.
വംശീയ സംഘര്‍ഷത്തില്‍ 100 ലേറെ പേര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ ഇതുവരെ ഒന്നും മിണ്ടാത്ത മോഡിയുടെ നടപടി ഇതിനകം വിവാദമായി കഴിഞ്ഞു. ബിജെപി ഭരിക്കുന്ന മണിപ്പൂരില്‍ വ്യാപകമായി കൊലയും കൊള്ളയും തീവയ്പും അരങ്ങേറിയിട്ടിട്ടും വിഷയത്തില്‍ ഇടപെടാനോ, സമാധാനം സൃഷ്ടിക്കാനായി രംഗത്ത് വരാനോ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. പ്രധാനമന്ത്രിയെ കാണ്‍മാനില്ല എന്ന പോസ്റ്റര്‍ ഇതിനകം മണിപ്പൂര്‍ തെരുവോരങ്ങളില്‍ വ്യാപകമായി പതിച്ചിട്ടുണ്ട്.

മോഡി യുഎസില്‍

അഞ്ചു ദിവസത്തെ പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎസില്‍. ഇന്ന് യുഎൻ ആസ്ഥാനത്ത് നടക്കുന്ന യോഗാദിന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ടെസ്‌ല മേധാവി എലോൺ മസ്‌ക് ഉൾപ്പെടെയുള്ള പ്രമുഖരുമായി കൂടിക്കാഴ്ചയും നടത്തും. അമേരിക്കയില്‍ നിന്ന് ഡ്രോണുകള്‍ വാങ്ങുന്നത് സംബന്ധിച്ചും സെമി കണ്ടക്ടറുകള്‍, ജെറ്റ് എഞ്ചിനുകള്‍ എന്നിവയുടെ നിര്‍മാണം സംബന്ധിച്ചും നിര്‍ണായക തീരുമാനങ്ങള്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയില്‍ ഉണ്ടായേക്കും. 22 ന് അമേരിക്കൻ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നുണ്ട്. തുടര്‍ന്ന് പ്രധാനമന്ത്രി ഈജിപ്തിലേക്ക് തിരിക്കും.

Eng­lish Sum­ma­ry: Manipur: Modi says no; All three del­e­ga­tions were not allowed to meet

You may also like this video

Exit mobile version