Site icon Janayugom Online

മോഡിയും കോടതിയും മണിപ്പൂരിൽ കാത്തുവയ്ക്കുന്നതെന്ത്

മണിപ്പൂർ ട്രൈബൽ ഫോം സമർപ്പിച്ച ഹര്‍ജിയിലെ അടിയന്തര വാദം സുപ്രീം കോടതി നിരസിച്ചതാണ് ഏറ്റവും പുതിയ വാര്‍ത്ത. ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് അപേക്ഷ പരിഗണിക്കുന്നത് ജൂലൈ മൂന്നിലേക്ക് മാറ്റിയിരിക്കുന്നു. കത്തിയടങ്ങാത്ത കലാപഭൂമിയില്‍ ഇനിയും ചോരചിന്താനുള്ള നീണ്ട നാളത്തെ അവസരം. സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം കാണേണ്ട സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മൗനമാണ് നീതിപീഠത്തിന്റെയും നിലപാടിന് കാരണമെന്ന് സംശയിക്കുന്നതിനെ തെറ്റുപറയാനുമാവില്ല.

കോടതി കോടതിയായി മാറേണ്ട ഗൗരവതരമായ അവസ്ഥയാണ് മണിപ്പൂരിലേത്. മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കും വലിയ കലാപത്തിലേക്കും എത്തിയത്. മെയ്തി വിഭാഗത്ത സംരക്ഷിക്കുമെന്നും കുക്കി വിഭാഗം സംഘര്‍ഷം അവസാനിപ്പിക്കണമെന്നുമാണ് മണിപ്പൂര്‍ ഭരിക്കുന്ന ബിജെപിയുടെ പ്രതിനിധിയായ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് പറഞ്ഞിരിക്കുന്നത്. കുക്കികളെ സൈന്യവും പൊലീസും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത് ‘ഭീകരവാദികളെ’ കൊലപ്പെടുത്തി എന്നാണ്. സ്വന്തം സംസ്ഥാനത്തെ ജനങ്ങള്‍ ഭിന്നിച്ച് കലാപത്തിലേ‍ര്‍പ്പെട്ടിരിക്കെ, അവരെ സമവായത്തിലൂടെ ശാന്തരാക്കുവാനല്ല ഇവിടെ ബിജെപിയും മുഖ്യമന്ത്രിയും ശ്രമിക്കുന്നതെന്ന് വ്യക്തം. മെയ്തി വിഭാഗത്തോടുള്ള ബിജെപിയുടെ അനുഭാവമാണ് ഒന്നരമാസത്തിലധികം പിന്നിട്ട മണിപ്പുര്‍ കലാപം കെട്ടടങ്ങാത്തതിന് പിന്നില്‍. രാഷ്ട്രീയ ലക്ഷ്യത്തോടെ എരിതീയില്‍ എണ്ണയൊഴിക്കുകയാണ് ബിജെപി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരില്‍ ക്യാമ്പ് ചെയ്ത നാളുകളിലും സംഘര്‍ഷം ശക്തമായിരുന്നു. മണിപ്പൂര്‍ വിഷയത്തില്‍ നാളിതുവരെ ഒരക്ഷരം പോലും ഉരിയാടാതെ നടക്കുകയാണ് പ്രധാനമന്ത്രി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍പ്പോലും മണിപ്പൂര്‍ വിഷയം പരാമര്‍ശിച്ചില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധവും ബഹിഷ്കരണവുമാണ് പ്രധാനമന്ത്രിക്കെതിരെ മണിപ്പൂരില്‍ ഉണ്ടായത്. റേഡിയോ സെറ്റുകൾ പൊതുനിരത്തിൽ എറിഞ്ഞുടച്ചും നിലത്തിട്ട് ചവിട്ടിയുമാണ് പ്രതിഷേധം അറിയിച്ചത്. രാജ്യത്തെ ജനങ്ങള്‍ ഭിന്നിച്ച് സംഘട്ടനത്തിലും കലാപത്തിലും ഏര്‍പ്പെട്ടിരിക്കെ, അമേരിക്കന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്ന നരേന്ദ്രമോഡിയെ ബിജെപിയിതര പാര്‍ട്ടികള്‍ വിമര്‍ശിക്കുന്നുണ്ട്. മണിപ്പൂരില്‍ സമാധാനം കൊണ്ടുവരുന്നതിന് നരേന്ദ്രമോഡി ശ്രമിക്കണമെന്നാണ് പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. ‘റഷ്യ‑ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിച്ച’ ആളാണ് താനെന്ന മോഡിയുടെ അവകാശവാദം വിശ്വസിക്കണമെങ്കില്‍ മണിപ്പൂര്‍ പ്രശ്നം പരിഹരിക്കണമെന്നാണ് ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറേ പറഞ്ഞത്.

കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ധരിപ്പിക്കുന്നതിന് ഇന്ന് ഡല്‍ഹിയിലെത്തിയ രണ്ട് സംഘങ്ങള്‍ക്ക് മുഖം കൊടുക്കാതെയാണ് മോഡി വിദേശത്തേക്ക് കടന്നത്. ഇന്നു മുതൽ 25 വരെ അമേരിക്കയിലും ഈജിപ്തിലുമായാണ് മോഡിയുടെ സന്ദർശനം. മണിപ്പൂര്‍ നിന്നുകത്തട്ടെ എന്ന നിലപാടാണ് ആ യാത്ര. എന്നാല്‍, സുപ്രീം കോടതി ഇക്കാര്യത്തില്‍ എടുത്ത തീരുമാനം എങ്ങനെ വിലയിരുത്തണമെന്നതിലാണ് ആശങ്ക. കലാപത്തിൽ 4,500 വീടുകളും 160 ഗ്രാമങ്ങളും ചാമ്പലായി. ഇതില്‍ 55 ഗ്രാമങ്ങള്‍ ആക്രമിക്കപ്പെട്ടത് അമിത്ഷായുടെ സന്ദര്‍ശത്തിനുശേഷമാണ്. 36,000 പേരാണ് ഭവന രഹിതരായത്. 253 പള്ളികളും തകർത്തു. ഔദ്യോഗിക രേഖകൾ പ്രകാരം 115 പേര്‍ മരിച്ചു. ഇപ്പോഴും കലാപം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇവിടെയാണ് കോടതി നിലപാട് ചോദ്യം ചെയ്യപ്പെടുന്നത്. മെയ്തികളുടെ പട്ടികവര്‍ഗ പദവിയുമായി ബന്ധപ്പെട്ട അപേക്ഷയില്‍ സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും നിലപാട് ആരാഞ്ഞിട്ടുമുണ്ട് കോടതി. ഇതേ ആവശ്യത്തിനെതിരെയുള്ള കുക്കി വിഭാഗത്തില്‍പ്പെടുന്ന ഗോത്രവര്‍ഗക്കാരുടെ എതിര്‍പ്പിനെതിരെയുള്ള പ്രതിരോധമാണ് തര്‍ക്കവും സംഘര്‍ഷവും സംഘട്ടനവും കലാപവുമായി മാറിയത്. മണിപ്പൂരിലെ ജനസംഖ്യയുടെ 64 ശതമാനം വരുന്നവരാണ് മെയ്തി വിഭാഗക്കാര്‍. 35 ശതമാനമുള്ള നാഗ, കുക്കി വിഭാഗത്തിലുള്ളവര്‍ മഹാഭൂരിപക്ഷവും ക്രൈസ്തവരുമാണ്. മണിപ്പൂരിൽ എന്തിന്റെ പേരിലാണെങ്കിലും അക്രമങ്ങളും കലാപങ്ങളും തുടരുന്നത് നീതീകരിക്കാൻ കഴിയില്ലെന്നാണ് കഴി‍ഞ്ഞ ദിവസം കോയമ്പത്തൂരിലെ രാമനാഥപുരം രൂപതാ ആസ്ഥാനത്ത് നടന്ന യോഗം വിലയിരുത്തിയത്. ദേവാലയങ്ങൾ കത്തിച്ചുനശിപ്പിക്കുകയും നിരായുധരും സമാധാനകാംക്ഷികളുമായ വൈദികരെയും സന്ന്യസ്തരെയും പാവപ്പെട്ട ജനങ്ങളെയും ഉപദ്രവിക്കുകയും ചെയ്യുന്നത് തടയാൻ കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ കാര്യക്ഷമമായി ഇടപെടണമെന്നും രൂപത അധ്യക്ഷൻ പോൾ ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ നടന്ന യോഗം ആവശ്യപ്പെടുകയും ചെയ്തിരുന്നു. മണിപ്പൂരിലെ കലാപം യഥാര്‍ത്ഥത്തില്‍ ബിജെപിയുടെ പിന്തുണയോടെയുള്ള ആസൂത്രിത ക്രൈസ്തവ വിരുദ്ധ ആക്രമണം തന്നെയാണ് എന്ന തിരിച്ചറിവാണ് രാമനാഥപുരം രൂപതയുടെ നിലപാടിന് പിന്നില്‍. അവിടെ അക്രമത്തിലേര്‍പ്പെട്ടിരിക്കുന്ന മെയ്തികള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുന്ന ബിജെപിയുടെ നിലപാടിനനുസരിച്ചായിരിക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയില്‍ തീരുമാനം അറിയിക്കുക. ഇത് മണിപ്പൂര്‍ കലാപത്തെ അവസാനിപ്പിക്കാന്‍ ഏതുവിധം സഹായിക്കുമെന്നാണ് ഇന്ത്യയുടെ പരമോന്നത കോടതി കരുതുന്നത്? ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഗോത്ര വർഗക്കാരുടെ അടുത്ത ബന്ധുക്കൾക്ക് കേന്ദ്ര‑സംസ്ഥാന സർക്കാർ സംയുക്തമായി നഷ്ടപരിഹാരം നൽകണമെന്ന ഹര്‍ജിയിലെ ആവശ്യത്തില്‍ എന്ത് തീരുമാനമാണ് അവര്‍ക്ക് പ്രതീക്ഷിക്കാനുള്ളത്!

സംസ്ഥാനത്തെ ജനങ്ങളാകെ ഭീതിയിലാണ്. ഇതിനകം തന്നെ അരലക്ഷത്തിലേറെ പേരാണ് 349 ദുരിതാശ്വാസ ക്യാമ്പുകളിലായി ഭയന്ന് കഴിയുന്നത്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. തിരിച്ച് എന്ന് വീടുകളിലേക്ക് പോകാനാകും എന്ന കുടുംബിനികളുടെ ആശങ്കപോലെയാണ് സ്കൂള്‍ ദിനങ്ങളില്‍ ആശങ്കപ്പെടുന്ന കുട്ടികളുടെ അവസ്ഥയും. ക്യാമ്പുകളില്ലാത്ത ഇടങ്ങളില്‍ രൂക്ഷമായ ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. ദേശീയപാതകളടക്കം കലാപകാരികള്‍ ഉപരോധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഒരിടത്തേക്കും ചരക്കുവാഹനങ്ങളെത്തുന്നില്ല. അതേസമയം അക്രമകാരികള്‍ക്ക് വന്‍തോതില്‍ പണം എത്തുന്നതായും കണ്ടെത്തലുകളുണ്ട്. ആറ് മാസത്തിനിടെ മണിപ്പൂരില്‍ നടന്ന 20 ലക്ഷം രൂപയ്ക്കുമുകളിലുള്ള പണമിടുപാടുകളെക്കുറിച്ച് കേന്ദ്ര സാമ്പത്തിക ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചത് ഈ സാഹചര്യത്തിലാണ്. മണിപ്പൂർ ആസ്ഥാനമായ രണ്ട് കമ്പനികളെക്കുറിച്ചും അഞ്ച് ഓൺലൈൻ വാതുവയ്പ് കമ്പനികളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. വിദേശത്തുനിന്നുള്ള പണം വരവ്, സന്നദ്ധ സംഘടനകൾക്കു ലഭിച്ച സാമ്പത്തിക സഹായങ്ങൾ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. എന്നാല്‍, അന്വേഷണങ്ങളെല്ലാം കുക്കി വിഭാഗത്തെ ലക്ഷ്യമിട്ടാണെന്ന ആരോപണവും ഉയരുന്നുണ്ട്.

സ്ഥിതിഗതികള്‍ രൂക്ഷമായിരിക്കെ, ആളുകള്‍ കൊന്നുതീരും മുമ്പേ പ്രശ്നത്തിന് പരിഹാരം കാണേണ്ട കേന്ദ്ര, സംസ്ഥാന ഭരണകൂടവും കോടതികളും എന്താണ് മണിപ്പൂരില്‍ കാത്തുവയ്ക്കുന്നത് എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

Eng­lish Sam­mury: manipur vio­lence: naren­dra mod­i’s and supreme court’s stand

Exit mobile version