Site iconSite icon Janayugom Online

മണിപ്പൂര്‍-മ്യാന്‍മര്‍ അതിര്‍ത്തി വേലി; എതിര്‍പ്പുമായി കുക്കി സംഘടനകള്‍

വംശീയ കലാപം തുടരുന്ന മണിപ്പൂരില്‍ മ്യാന്‍മാറുമായുള്ള അതിര്‍ത്തിയില്‍ വേലി നിര്‍മ്മിക്കാന്‍ ഭൂമി അനുവദിക്കരുതെന്ന് കുക്കി സംഘടനകള്‍. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന മേറെ ഗ്രാമവാസികളോടാണ് കുക്കി സംഘടന അതിര്‍ത്തി നിര്‍മ്മാണത്തിന് വേലി കെട്ടാന്‍ ഭൂമി അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് മണിപ്പൂര്‍-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ വേലി നിര്‍മ്മിക്കാന്‍ പദ്ധതി ആവിഷ്കരിച്ചത്. കുക്കി സംഘടനകളുടെ ശക്തമായ എതിര്‍പ്പിന് പിന്നാലെ വേലി നിര്‍മ്മാണം അവതലാളത്തിലായി. ആറു കുക്കി സംഘടനകളാണ് മേറെ ഗ്രാമവാസികളോട് ഭൂമി വിട്ടുനല്‍കരുതെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നത്. വേലി നിര്‍മ്മാണം കുക്കികളുടെ സംസ്കാരം, ജീവിതരീതി എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. കുക്കി സമുദായം അനധികൃത കുടിയേറ്റക്കാരണെന്ന വാദവും സംഘടന നിഷേധിച്ചു. കുക്കി ഭൂരിപക്ഷ മേഖലയായ മോറെ തെങ്നൗപാല്‍ ജില്ലയിലെ പ്രമുഖ വ്യാപാര കേന്ദ്രമാണ്. മെയ്തി-കുക്കി വംശീയ കലാപത്തിന് പിന്നാലെ മേഖലയിലെ മേയ്തികള്‍ ഇവിടെ നിന്ന് പലയാനം ചെയ്തിരുന്നു. 

ഇതിനിടെ കുക്കി സംഘടനകളുടെ അഭ്യര്‍ത്ഥനയെ പിന്തുണച്ച് മേയ്തി വിഭാഗവും രംഗത്ത് വന്നു. ഇവരോടൊപ്പം മിസോ, നാഗ സമുദായവും നിര്‍ദിഷ്ട അതിര്‍ത്തി വേലി നിര്‍മ്മാണത്തിനെതിരെ സ്വരം കടുപ്പിച്ചിരിക്കുകയാണ്. അതിര്‍ത്തിക്കപ്പുറം അധിവസിക്കുന്ന കുക്കി-മിസോ-നാഗാ ജനങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കുന്ന തീരുമാനം അംഗീകരിക്കില്ലെന്നാണ് ഇവരുടെ പ്രതികരണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനത്തെ നാഗാലന്‍ഡും ആദ്യം മുതല്‍ എതിര്‍ത്തിരുന്നു. അതിര്‍ത്തി വേലി നിര്‍മ്മാണം യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന് നാഗാ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (എന്‍എസ്എഫ്) വ്യക്തമാക്കി. സ്വതന്ത്ര സഞ്ചാരം തടയുന്ന വേലി നിര്‍മ്മാണം നാഗാ സമൂഹം ആദ്യം മുതല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായി എന്‍എസ്എഫ് മുന്‍ അധ്യക്ഷന്‍ കെ തെപ് പ്രതികരിച്ചു. നേരത്തെ ആഭ്യന്തര മന്ത്രാലയം മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന 1,643 കിലോമീറ്റര്‍ പ്രദേശത്ത് വേലി നിര്‍മ്മിക്കുന്നതിന് 30,000 കോടി രൂപ വകയിരുത്തിയിരുന്നു. കുക്കികള്‍ക്ക് പിന്നാലെ മെയ്തി-മിസോ-നാഗാ സംഘടനകളും പദ്ധതിക്കെതിരെ രംഗത്ത് വന്നത് കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. 

Exit mobile version