Site iconSite icon Janayugom Online

സര്‍വീസസിനെ അട്ടിമറിച്ച് മണിപ്പൂര്‍

നിലവിലെ ചാമ്പ്യന്മാരായ സര്‍വ്വീസസ്സിനെ അട്ടിമറിച്ച് മണിപ്പൂരിന്റെ മിന്നും പ്രകടനം. ഇത്തവണത്തെ സന്തോഷ്‌ട്രോഫിയില്‍ കിരീടമോഹവുമായെത്തിയവര്‍ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്ന് വ്യക്തമായ സൂചന കൂടിയാണ് മണിപ്പൂരിന്റേത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ബി യിലെ വാശിയേറിയ പോരാട്ടത്തില്‍ പട്ടാളടീമിനെ മറുപടി മൂന്ന് ഗോളുകള്‍ക്കാണ് വടക്കുകിഴക്കന്‍ കരുത്തര്‍ തകര്‍ത്തത്. കളിയുടെ എല്ലാ തലങ്ങളിലും ചാമ്പ്യന്മാരെ ശരിക്കും പിന്‍തള്ളിയാണ് മണിപ്പൂര്‍ വിജയം പിടിച്ചു വാങ്ങിയത്. മണിപ്പൂരിന്റെ മുന്നേറ്റ‑മധ്യനിരകള്‍ തമ്മില്‍ മികച്ച ഒത്തിണക്കത്തോടെ കളം നിറഞ്ഞപ്പോള്‍ സര്‍വീസസിന്റെ പ്രതിരോധത്തിലെ വിള്ളല്‍ പ്രകടമായി. കളിയുടെ തുടക്കത്തില്‍ ഗോള്‍ വഴങ്ങിയ പട്ടാളക്കാര്‍ മൂന്ന് ഗോളുകള്‍ വലയിലെത്തിയതിനു ശേഷമാണ് എതിര്‍ ഗോള്‍മുഖം ലക്ഷ്യമാക്കി ചിലനീക്കങ്ങള്‍ നടത്തിയത്. ഒഡിഷയും കര്‍ണാടകയും ഗുജറാത്തും ഉള്‍പ്പെട്ടഗ്രൂപ്പില്‍ വിലപ്പെട്ട മൂന്ന് പോയിന്റുകളാണ് കരുത്തരെ വീഴ്ത്തി മണിപ്പൂര്‍ സ്വന്തമാക്കിയത്. മണിപ്പൂരിനായി നഗറിയാന്‍ബം ജെനിഷ് സിംങ്, ലുന്‍മിന്‍ലെന്‍ ഹോകിപ്, എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. സര്‍വീസസ് പ്രതിരോധ താരം സുനില്‍ സെല്‍ഫ് ഗോളും നേടി.

അഞ്ചാം മിനുട്ടില്‍ മണിപ്പൂര്‍ താരം നഗറിയാന്‍ബം ജെനിഷ് സിങിന്റെ വകയായിരുന്നു ആദ്യഗോള്‍. ഇടതു വിങ്ങില്‍ നിന്ന് ലഭിച്ച പന്ത് സെകന്റ് പോസ്റ്റിന്റെ കോര്‍ണറിലേക്ക് അതിമനോഹരമായി അടിച്ചു കയറ്റുകയായിരുന്നു. ഏഴാം മിനുട്ടില്‍ സര്‍വീസസിന് സമനിലക്ക് അവസരം ലഭിച്ചു. വലതു വിങ്ങില്‍ നിന്ന് നീട്ടിനല്‍കിയ പന്ത് സര്‍വീസസ് മധ്യനിരതാരം റൊണാള്‍ഡോ സിങ് ഹെഡ് ചെയ്തെങ്കിലും ഗോള്‍ ബാറിന് പുറത്തേക്ക് പോയി. 15-ാം മിനിറ്റില്‍ സര്‍വീസസ് വീണ്ടും ആക്രമണത്തിന് ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 18-ാം മിനിറ്റില്‍ മണിപ്പൂര്‍ രണ്ടാം ഗോളിന് ശ്രമിച്ചു. മധ്യനിരയില്‍ നിന്ന് നീട്ടി നല്‍ക്കിയ പാസിന് എതിര്‍ടീമിന്റെ ബോക്സിലേക്ക് കുതിച്ചു കയറിയ ജെനിഷ് സിങ് ഗോളിന് ശ്രമിച്ചെങ്കിലും സര്‍വീസസ് ഗോള്‍ കീപ്പറുടെ കൃത്യമായ ഇടപടല്‍ രക്ഷപ്പെടുത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മണിപ്പൂര്‍ വീണ്ടും സ്‌കോര്‍ ഉയര്‍ത്തി.

50-ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് ഉയര്‍ത്തി നല്‍കിയ പന്ത് ലുന്‍മിന്‍ലെന്‍ ഹോകിപ് ഒന്നാന്തരം ഹെഡിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. 74-ാം മിനിറ്റില്‍ സര്‍വീസസ് പ്രതിരോധ താരം മലയാളിയായ സുനില്‍ ബിയുടെ സെല്‍ഫ് ഗോളിലൂടെ മണിപ്പൂര്‍ ലീഡ് മൂന്നാക്കി. ഗോളെന്ന് ഉറപ്പിച്ച അവസരം പ്രതിരോധിക്കാന്‍ ശ്രമിക്കവെയാണ് സെല്‍ഫ് ഗോള്‍ പിറന്നത്. ഒരു ഗോളെങ്കിലും മടക്കാന്‍ ആര്‍മി ടീം കിണഞ്ഞു പരിശ്രമിച്ചെങ്കിലും മണിപ്പൂര്‍ പ്രതിരോധം കടുത്ത ജാഗ്രയില്‍ നിലയുറപ്പിച്ചതോടെ അതെല്ലാം നിഷ്ഫലമായി.

Eng­lish Summary:Manipur over­turns services
You may also like this video

Exit mobile version