കൃത്യം ഒരു വർഷവും രണ്ടുമാസവും തികയുമ്പോയിരുന്നു മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യസഭയിൽ പരാമർശിച്ചത്. 2023 മേയ് മൂന്നിനാണ് മണിപ്പൂരിലെ വംശഹത്യാ കലാപം ആരംഭിച്ചത്. പിന്നീട് മനഃസാക്ഷിയെ നടുക്കുന്ന നിരവധി സംഭവങ്ങൾ അവിടെയുണ്ടായി. സ്ത്രീകളെ നഗ്നരായി നടത്തുകയും ബലാത്സംഗം ചെയ്ത് കൊല്ലുകയും ചെയ്ത ഹീനമായ കൃത്യം മാസങ്ങൾ കഴിഞ്ഞ് പുറത്തുവരികയും രാജ്യത്തെയാകെ നാണം കെടുത്തുകയും ചെയ്തപ്പോൾ സഭാസമ്മേളനം നടക്കുന്ന ഘട്ടമായിരുന്നിട്ടും മോഡി അവിടെ ഒരക്ഷരം മിണ്ടിയില്ല. വലിയ വിവാദങ്ങളുണ്ടായപ്പോൾ പാർലമെന്റിന് പുറത്ത് ചോദ്യങ്ങൾക്ക് കാത്തുനിൽക്കാതെ രണ്ടോമൂന്നോ വാചകത്തിൽ മാധ്യമങ്ങളോട് പ്രതികരണം നടത്തി തിരിച്ചുകയറി. തിങ്കളാഴ്ച ലോക്‌സഭയിൽ സംസാരിക്കുമ്പോഴും മണിപ്പൂരിനെ മോഡി അവഗണിച്ചു. അന്നേരം പ്രതിപക്ഷം മുഴക്കിയ മുദ്രാവാക്യത്തിൽ നിറഞ്ഞത് മണിപ്പൂർ, മണിപ്പൂർ എന്നായിരുന്നു. അന്ന് രാത്രി വൈകിയും കൂടിയ സഭയിൽ അർധരാത്രി കഴിഞ്ഞ് ഇന്നർ മണിപ്പൂരിൽ നിന്നുള്ള കോൺഗ്രസ് അംഗം അംഗോംച ബിമോൾ അക്കോയിജത്തിന്റെ പ്രസംഗവും ശേഷം ഔട്ടർ മണിപ്പൂരിൽ നിന്നുള്ള ആൽഫ്രഡ് കാൻഗമിന്റെ ലഘുവാക്യങ്ങളും സഭയെ സ്തബ്ധമാക്കിയതിന്റെ പിറ്റേന്നായിരുന്നു മോഡി രാജ്യസഭയിൽ മണിപ്പൂര്‍ പരാമർശിച്ചത്. മണിപ്പൂർ സംസ്ഥാനത്ത് അക്രമസംഭവങ്ങൾ മൂലം പലായനം ചെയ്ത 60,000 പേരുടെ വേദനയും രോഷവും കഷ്ടപ്പാടുകളും അവഗണിച്ച രാഷ്ട്രപതിയുടെ പ്രസംഗത്തെ നിശിതമായാണ് മണിപ്പൂർ എംപിമാർ വിമർശിച്ചത്. മണിപ്പൂരിന് നീതി നൽകൂ എന്ന് ഉദ്ഘോഷിച്ചായിരുന്നു ആൽഫ്രഡ് കാൻഗം തന്റെ ലഘുഭാഷണം നടത്തിയത്. മണിപ്പൂരിൽ നിന്നുള്ള കോൺഗ്രസ് അംഗങ്ങൾ ഭരണകക്ഷിയായ ബിജെപിയെയും മോഡിയെയും കടിച്ചുകീറി എന്നായിരുന്നു പ്രസംഗത്തെ ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. മണിപ്പൂരിലെ അക്രമങ്ങൾക്കും ആഭ്യന്തരയുദ്ധം പോലുള്ള സാഹചര്യങ്ങൾക്കും കേന്ദ്ര ഭരണകൂടം നിശബ്ദ കാഴ്ചക്കാരാണെന്നും അവർ പറഞ്ഞു. എന്നിട്ടും ലോക്‌സഭയിൽ നമ്മുടെ പ്രധാനമന്ത്രി ഒരു വാക്കുപോലും മിണ്ടിയില്ല. മോഡി സർക്കാരിന്റെ മൗനത്തെ കൊളോണിയൽ കാലഘട്ടത്തിന് തുല്യമാണെന്നും അംഗോംച ബിമോൾ പറഞ്ഞുവച്ചു.
രാജ്യസഭയിൽ നരേന്ദ്ര മോഡി മണിപ്പൂരിനെ സംബന്ധിച്ച് പറഞ്ഞതത്രയും വാസ്തവവിരുദ്ധമായ കാര്യങ്ങളായിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രം തുടർച്ചയായി ശ്രമങ്ങൾ നടത്തുന്നുണ്ടെന്നായിരുന്നു മോഡിയുടെ അവകാശവാദം. അക്രമസംഭവങ്ങൾ കുറഞ്ഞുവരുന്നു, സ്കൂളുകളും കോളജുകളും ഓഫിസുകളും മറ്റ് സ്ഥാപനങ്ങളും തുറന്നിരിക്കുന്നു, സമാധാനം പുനഃസ്ഥാപിക്കുന്നതിനായി കേന്ദ്രവും സംസ്ഥാന സർക്കാരും ബന്ധപ്പെട്ട എല്ലാവരുമായും സംസാരിക്കുകയാണ്, ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനം സന്ദർശിച്ചിരുന്നു എന്നൊക്കെയായിരുന്നു പ്രധാനമന്ത്രിയുടെ വിശദീകരണം. ഇപ്പോഴും അവിടെ നിന്ന് സംഘർഷ വാർത്തകൾ വരുന്നതും അരലക്ഷത്തിലധികം പേർ സംസ്ഥാനത്തിനകത്തും പുറത്തും അഭയാർത്ഥികളായി കഴിയുന്നതും മറച്ചുവച്ചാണ് മോഡിയുടെ പരാമർശങ്ങൾ. അദ്ദേഹം പറഞ്ഞതിൽ ഒരു വാസ്തവമുണ്ട്; അത് സംസ്ഥാനത്ത് എരിതീയിൽ എണ്ണയൊഴിക്കാൻ ശ്രമിക്കുന്നവരെ മണിപ്പൂർ തള്ളിക്കളയുമെന്നതായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മണിപ്പൂരിലെ ജനത ബിജെപിയെ തോല്പിച്ച് നടത്തിയ വിധിയെഴുത്ത് അതു തെളിയിച്ചതാണ്.
മോഡി, രാജ്യസഭയിൽ പറഞ്ഞതിലെ വസ്തുതാവിരുദ്ധത മനസിലാക്കുന്നതിന് പര്യാപ്തമായ ഒരു വിധി ബുധനാഴ്ച പരമോന്നത കോടതിയിൽ നിന്നുണ്ടാകുകയും ചെയ്തു. മണിപ്പൂരിലെ സംസ്ഥാന സർക്കാരിനെ തങ്ങൾക്ക് വിശ്വാസമില്ലെന്നായിരുന്നു വിചാരണത്തടവുകാരന് ചികിത്സ നിഷേധിച്ച വിഷയത്തിൽ ഇടപെട്ട് ജസ്റ്റിസുമാരായ ജെ ബി പർഡിവാല, ഉജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്. കുക്കി വിഭാഗത്തിൽപ്പെട്ടവനായതുകൊണ്ടാണോ ചികിത്സ നിഷേധിച്ചതെന്ന് ചോദിച്ച കോടതി നിലപാട് സങ്കടകരമാണെന്നും ഉടൻ പരിശോധന നടത്തി തുടർചികിത്സ ലഭ്യമാക്കണമെന്നും നിർദേശിച്ചിരിക്കുകയാണ്. ആരോഗ്യ പരിശോധനയിൽ ഗുരുതരമായ എന്തെങ്കിലും കണ്ടെത്തിയാൽ ചികിത്സാ നിഷേധം നടത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്നും പരമോന്നത കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ ഒരു മെഡിക്കൽ ഓഫിസർ പരിശോധിച്ച് നട്ടെല്ലിൽ ക്ഷതമുണ്ടെന്നും എക്സ്റേ എടുക്കണമെന്നും ശുപാർശ ചെയ്തിട്ടും മതിയായ ആരോഗ്യ പരിചരണം നൽകിയില്ലെന്ന് സുപ്രീം കോടതി കണ്ടെത്തി. ചികിത്സ നിഷേധിച്ചതിന്റെ പേരിൽ മണിപ്പൂർ സർക്കാരിന്റെയും ഹൈക്കോടതിയുടെയും സമീപനത്തെക്കുറിച്ച് പരാമർശങ്ങൾ നടത്താമായിരുന്നുവെന്നും പക്ഷേ അത് ഒഴിവാക്കുകയാണെന്നും ഉത്തരവിൽ പറയുന്നുണ്ട്. വിചാരണത്തടവുകാരനെ ഉടൻ അസമിലെ ഗുവാഹട്ടി മെഡിക്കൽ കോളജിൽ എത്തിച്ച് പരിശോധിക്കാനും വിശദമായ മെഡിക്കൽ റിപ്പോർട്ട് ജൂലൈ 15നോ അതിനുമുമ്പോ ഹാജരാക്കാനും ബെഞ്ച് ഉത്തരവിട്ടു. ചികിത്സാച്ചെലവ് സംസ്ഥാനം വഹിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കുക്കി വിഭാഗത്തെ ഉന്മൂലനം ചെയ്യാനുള്ള ബിജെപി സ്പോൺസേഡ് കലാപമാണ് മണിപ്പൂരിലേത് എന്ന കുറ്റപ്പെടുത്തൽ ശരിയെന്ന് വായിച്ചെടുക്കാവുന്ന പരാമർശങ്ങളാണ് പരമോന്നത കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്. ഇതിലൂടെ മോഡി രാജ്യസഭയിൽ പറഞ്ഞ കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്ന് വ്യക്തമാകുകയും ചെയ്യുന്നു.