മണിപ്പൂരിൽ കലാപത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന സമീപനത്തിൽ പ്രതിഷേധിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ നടത്തുന്ന സമരങ്ങളിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിചേരണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ജനങ്ങൾക്കിടയിൽ ഭിന്നത വളർത്തുന്ന ബിജെപിയുടെ നയ സമീപനങ്ങളാണ് മണിപ്പൂരിലും കലാപം സൃഷ്ടിച്ചിരിക്കുന്നത്. 50 ദിവസത്തിലേറെയായി കലാപം തുടരുമ്പോഴും പൊലീസ് സംവിധാനത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് ബിജെപി മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല.
ബിജെപി മുന്നോട്ടുവയ്ക്കുന്ന ധ്രുവീകരണ രാഷ്ട്രീയമാണ് കുക്കികളും മെയ്തികളും തമ്മിലുള്ള കലാപമായി മാറിയിട്ടുള്ളത്. 60,000ത്തോളം പേർ അഭയാർത്ഥികളായി മാറി. 5,000ത്തിലേറെ വീടുകളാണ് കലാപത്തിൽ കത്തിച്ചത്. 200 ഗ്രാമങ്ങൾ തീയിട്ട് നശിപ്പിച്ചു. 300ലേറെ ക്രിസ്ത്യൻ പള്ളികളും അക്രമണത്തിനിരയായി.
ഭരണ സംവിധാനം തന്നെ ദുർബലപ്പെടുന്ന നിലയുണ്ടായി. പൊലീസിന്റെ 4,000ത്തോളം തോക്കുകളാണ് മോഷ്ടിക്കപ്പെട്ടത്. എല്ലാ വിഭാഗത്തിലേയും തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന ബിജെപിയുടെ സമീപനമാണ് കലാപത്തെ ആളിക്കത്തിച്ചത്.
മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 27ന് ജില്ലാ കേന്ദ്രങ്ങളിലും, ജൂലൈ അഞ്ചിന് അസംബ്ലി മണ്ഡലാടിസ്ഥാനത്തിലും നടക്കുന്ന പ്രതിഷേധ കൂട്ടായ്മ വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും ഇ പി ജയരാജന്‍ പ്രസ്താവനയിൽ പറഞ്ഞു.
English Summary:Manipur Rebellion; LDF protest group in district centers on 27th
You may also like this video