മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിന്റെ പേരില്‍ എഡിറ്റേഴ്സ് ഗില്‍ഡിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്ഐആറുകളില്‍ അറസ്റ്റ് വിലക്കിയ ഉത്തരവ് സുപ്രീം കോടതി നീട്ടി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
എഡിറ്റേഴ്‌സ് ഗില്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സെപ്റ്റംബര്‍ ആറിലെ ഉത്തരവാണ് 15 വരെ നീട്ടിക്കൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. കേസ് റിപ്പോര്‍ട്ടിന്റെ പേരിലുള്ളതാണെന്നും മണിപ്പൂരില്‍ ആരെങ്കിലും എന്തെങ്കിലും ചെയ്തതിന്റെ പേരിലുള്ളതല്ലെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. എഫ്ഐആര്‍ റദ്ദാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേസ് മണിപ്പൂര്‍ ഹൈക്കോടതിയിലേക്കോ ഡല്‍ഹി ഹൈക്കോടതിയിലേക്കോ മാറ്റുന്ന കാര്യം പരിഗണിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. കേസ് വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും.
മണിപ്പൂര്‍ കലാപം പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എങ്ങനെയെന്ന് വിലയിരുത്താന്‍ പോയ എഡിറ്റേഴ്സ് ഗില്‍ഡിന്റെ സംഘത്തിലുണ്ടായിരുന്ന സീമാ ഗുവാ, ഭരത് ഭൂഷന്‍, സഞ്ജയ് കപൂര്‍ എന്നിവരുള്‍പ്പെട്ട വസ്തുതാ പഠന സംഘത്തിനെതിരെയും എഡിറ്റേഴ്സ് ഗില്‍ഡ് അധ്യക്ഷ സീമാ മുസ്തഫക്കെതിരെയുമാണ് മണിപ്പൂര്‍ സര്‍ക്കാര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പക്ഷപാതപരമെന്ന സംഘത്തിന്റെ കണ്ടെത്തല്‍ പുറത്തുവിട്ടതാണ് കേസിനാസ്പദമായ വിഷയം.
English summary; Manipur Report; Protection of Editors Guild extended
you may also like this video;