സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ട മേയ് മുതൽ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെ കുറ്റകൃത്യങ്ങളിൽ നിന്നും രക്ഷപ്പെട്ട സ്ത്രീകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് അഞ്ച് കോടി അനുവദിച്ചതായി മണിപ്പൂർ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. തുക പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതായി സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
നോനി, സേനാപതി ഡെപ്യൂട്ടി കമ്മിഷണർമാരുടെ റിപ്പോർട്ട് അനുസരിച്ച് രണ്ട് ജില്ലകളിലും മതപരമായ കെട്ടിടങ്ങൾ നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സെപ്റ്റംബറിൽ, സംസ്ഥാനത്തെ പള്ളികൾ, ഹിന്ദു ക്ഷേത്രങ്ങൾ, സനാമഹി ക്ഷേത്രങ്ങൾ, മോസ്കുകൾ, മറ്റ് മതങ്ങളുടെ സ്ഥാപനങ്ങൾ തുടങ്ങി നശിപ്പിക്കപ്പെട്ടവ തരംതിരിക്കാൻ കോടതി സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ടിരുന്നു. ഇത്തരം കെട്ടിടങ്ങളെ കയ്യേറ്റത്തിൽ നിന്നും നശിപ്പിക്കുന്നതിൽ നിന്നും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
വീണ്ടും അക്രമം; രണ്ട് പേര്‍ കൊല്ലപ്പെട്ടു
ഇംഫാല്‍: മണിപ്പൂരില്‍ മെയ്തി-കുക്കി വിഭാഗങ്ങള്‍ തമ്മിലുണ്ടായ പുതിയ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. കാങ്‌പോക്‌പി ജില്ലയില്‍ ഹരോഥേലിനും കോബ്ഷ ഗ്രാമത്തിനും ഇടയിലാണ് പുതിയ ആക്രമണമുണ്ടായത്. മെയ്തി വിഭാഗം അക്രമികള്‍ നടത്തിയ വെടിവയ്പില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ട് പേരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് കാങ്‌പോക്‌പി ജില്ലയിലുടനീളം ബന്ദിന് ആദിവാസി ഗോത്ര സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. മേഖലയിലേക്ക് കൂടുതല്‍ സേനയെ വിന്യസിച്ചതായി പൊലീസ് അറിയിച്ചു. അക്രമികളെ പിടികൂടാൻ തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
English Summary: Manipur riots: 5 crores for compensation of women
You may also like this video