Site iconSite icon Janayugom Online

മണിപ്പൂര്‍ കലുഷിതം; പുതിയ അക്രമങ്ങളില്‍ മരണം ആറായി

കുക്കി-മെയ്തി വംശീയ സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂര്‍ അശാന്തമായി തുടരുന്നു. കഴിഞ്ഞദിവസമുണ്ടായ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. രണ്ട് പൊലീസ് ഉദ്യോഗസ്ഥരും മരിച്ചവരില്‍ ഉള്‍പ്പെടും. കുക്കി വിഭാഗത്തില്‍പ്പെട്ട 40 പേരെ കൊലപ്പെടുത്തിയ സൈനിക‑പൊലീസ് നടപടി സംസ്ഥാനത്ത് വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കുക്കി സംഘടനകള്‍ ന്യൂഡല്‍ഹിയിലടക്കം പ്രതിഷേധം സംഘടിപ്പിച്ചു. അതേസമയം മണിപ്പൂരില്‍ ഇന്നലെ കാര്യമായി ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മേയ് മൂന്നുമുതല്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതിനോടകം നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. 40 കുക്കി തീവ്രവാദികളെ കൊലപ്പെടുത്തിയെന്ന മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സുഗ്നു നഗരത്തില്‍ വീണ്ടും കലാപമുണ്ടായത്.
അതിനിടെ സൈനിക കേന്ദ്രങ്ങളില്‍ നിന്ന് ആയുധങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

ഖബെയ്സോയിലുള്ള ഏഴ് മണിപ്പൂര്‍ റൈഫിള്‍സ്, ഡ്യൂലഹാനിലെ മണിപ്പൂര്‍ റൈഫിള്‍സ്, തൗബാലിലുള്ള ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ആയുധങ്ങള്‍ കാണാതായത്. സംസ്ഥാനത്ത് വിവിധ മേഖലകളില്‍ സൈന്യത്തിന്റെ തിരച്ചില്‍ തുടരുകയാണ്. ന്യൂ ചെക്കോണ്‍ മേഖലയില്‍ നിന്നും മൂന്ന് പേ‍രെ ചൈനീസ് നിര്‍മ്മിത ഗ്രനേഡും മറ്റ് ആയുധങ്ങളുമായി പിടികൂടി. ഇംഫാലിലെ സൻസാബി, ഗ്വാല്‍താബി, ഷാബുങ്ഖോള്‍, ഖുനാവോ ഗ്രാമങ്ങളില്‍ വ്യാപകമായി വീടുകള്‍ക്ക് തീയിട്ട 22 പേരെയും സൈന്യം പിടികൂടി. ഇവരില്‍ നിന്നും തോക്കുകളടക്കം വൻ ആയുധശേഖരവും കണ്ടെത്തി.
ഇംഫാല്‍ വെസ്റ്റിലെ ഉരിപോകിലുള്ള ബിജെപി എംഎല്‍എ ഖ്വൈരക്പം രഘുമണി സിങ്ങിന്റെ വീട് തകര്‍ക്കുകയും രണ്ട് വാഹനങ്ങള്‍ക്ക് തീവയ്ക്കുകയും ചെയ്തു. സംഘര്‍ഷത്തെത്തുടര്‍ന്ന് കടങ്ബാന്‍ഡ്, സിങ്ദ മേഖലകളില്‍ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു. മെയ്തി, കുക്കി പ്രതിനിധികളുമായി ഷാ കൂടിക്കാഴ്ച നടത്തും. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയും സംസ്ഥാനത്ത് തുടരുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരിലെത്തുമെന്നറിയിച്ചിട്ടുണ്ട്.

Eng­lish Summary;Manipur ; Six peo­ple died in fresh violence

You may also like this video

Exit mobile version