Site iconSite icon Janayugom Online

മണിപ്പൂര്‍ വീഡിയോ; പ്രതി മുസ്ലിമെന്ന് വ്യാജവാര്‍ത്തയുമായി എഎന്‍ഐ

രാജ്യമാകെ നടുങ്ങിയ മണിപ്പൂരിലെ വനിതകളുടെ നഗ്നവീഡിയോ പുറത്ത് വന്നതിന് പിന്നാലെ സംഭവത്തില്‍ വ്യാജവാര്‍ത്ത നല്‍കി പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ. പ്രധാനപ്രതി അറസ്റ്റിലായതിനെത്തുടര്‍ന്ന് അബ്ദുള്‍ ഹലിം എന്ന വ്യക്തിയെ പൊലീസ് പിടികൂടിയെന്നായിരുന്നു എഎന്‍ഐയുടെ വാര്‍ത്ത. ഇതിന് പിന്നാലെ സംഘപരിവാര്‍ സംഘടനകളും പ്രവര്‍ത്തകരും മുസ്ലിമാണ് പ്രതിയെന്ന തരത്തില്‍ പ്രചാരണം തുടങ്ങി.

മണിപ്പൂര്‍ സംഭവത്തിലുയര്‍ന്ന ജനരോഷം മുസ്ലിം സമുദായത്തിനുനേരെ തിരിച്ചുവിടാനായിരുന്നു ആസൂത്രിത ശ്രമം. ഇംഫാല്‍ ഈസ്റ്റ് പൊലീസ് മറ്റാെരു കേസില്‍ അറസ്റ്റ് ചെയ്ത അബ്ദുള്‍ ഹലിമിന്റെ പേര് വീഡിയോ പുറത്തുവന്ന സംഭവവുമായി ബന്ധപ്പെടുത്തി എഎന്‍ഐ പ്രചരിപ്പിക്കുകയായിരുന്നു. തെറ്റ് പലരും ചൂണ്ടിക്കാട്ടിയെങ്കിലും തിരുത്താന്‍ വാര്‍ത്താ ഏജന്‍സി തയ്യാറായില്ല. വ്യാഴാഴ്ച വൈകിട്ട് പ്രസിദ്ധീകരിച്ച വ്യാജവാര്‍ത്ത ഇന്നലെ രാവിലെ പത്തരയോടെയാണ് തിരുത്തി ക്ഷമാപണം നടത്താന്‍ എഎന്‍ഐ തയ്യാറായത്.

തൗബാല്‍ ജില്ലയിലെ പേച്ചി അവാങ് ലേകൈ സ്വദേശി ഹ്യൂരേം ഹെരോദാസ് സിങ് എന്നയാളാണ് ആദ്യം അറസ്റ്റിലായത്. പിന്നാലെ അരുണ്‍ സിങ്, ജിവാൻ എലങ്ബാം, തോംബ സിങ് എന്നിവരും പിടിയിലായി. തെറ്റ് മനസ്സിലായ ഉടൻ തന്നെ അവര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നെങ്കില്‍ ഒരുപക്ഷേ ആ വ്യാജ വാര്‍ത്ത വൈറലായി പ്രചരിക്കുമായിരുന്നില്ലെന്ന് ആള്‍ട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈര്‍ പ്രതികരിച്ചു. പലപ്പോഴും സംഘപരിവാറിന് അനുകൂലമായി വാര്‍ത്തകള്‍ വളച്ചൊടിക്കുന്ന എഎന്‍ഐ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിക്കുന്നതിനായും പ്രത്യേകം വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കാറുണ്ട്.

Eng­lish Sum­ma­ry: Manipur Video: News Agency Apol­o­gis­es For Mis­lead­ing Tweet
You may also like this video

Exit mobile version