Site icon Janayugom Online

മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ ; സൈന്യത്തെ വിന്യസിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി

മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയതിന് പിന്നാലെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. ഇംഫാല്‍ ഈസ്റ്റിലാണ് സംഭവം. മെയ്തി സംഘടനയായ അരംബായ് തെന്‍ഗോല്‍ പ്രവര്‍ത്തകരാണ് പൊലീസുകാരനെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. പൊലീസിന്റെ സുരക്ഷാസേനയുടെയും സംയുക്തമായ പ്രവര്‍ത്തനത്തെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെ മോചിപ്പിച്ചു. മണിപ്പൂര്‍ പൊലീസിലെ ഓപ്പറേഷന്‍സ് വിങ്ങ് അഡീഷണല്‍ സൂപ്രണ്ടായ അമിത് കുമാറിനെയാണ് തട്ടിക്കൊണ്ടുപോയത്.

പ്രദേശത്ത് അസാം റൈഫിള്‍സിനെ വിന്യസിച്ചതായി സൈന്യം അറിയിച്ചു. സാരമായ പരിക്കുകളേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. ഇംഫാല്‍ ഈസ്റ്റിലെ വാങ്ഖേയിലെ വസതിയിലെത്തി വെടിവയ്പ് നടത്തിയതിന് ശേഷം കുമാറിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. വാഹനമോഷണവുമായി ബന്ധപ്പെട്ട് കുമാര്‍ അറസ്റ്റ് ചെയ്തിവരാണ് ആക്രമണത്തിന് പിന്നില്‍. അറസ്റ്റിന് പിന്നാലെ ഇവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് മെയ്തി വനിതാ ഗ്രൂപ്പായ മെയ്ര പൈബിസ് പ്രതിഷേധം നടത്തിയിരുന്നു.

കുമാറിന്റെ വീട് തകര്‍ത്തതിനൊപ്പം അക്രമികള്‍ നാല് വാഹനങ്ങളും നശിപ്പിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വീടിനുള്ളിലേക്ക് കയറുന്നതിന് മുമ്പ് തന്നെ ആയുധവുമായെത്തിയ അവരോട് സംസാരിക്കാന്‍ ശ്രമിച്ചുവെന്ന് കുമാറിന്റെ പിതാവ് പറഞ്ഞു. എന്നാല്‍ അവര്‍ പെട്ടന്ന് വെടിവയ്പ് ആരംഭിക്കുകയായിരുന്നു. ഞങ്ങള്‍ വീടിനുള്ളില്‍ കയറി വാതിലടച്ചു. വിവരമറിഞ്ഞ് എത്തിയ കുമാറിനെ അവര്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

ആയുധം താഴെവച്ച് പ്രതിഷേധിച്ചു

ഇംഫാല്‍: പൊലീസ് ഉദ്യോഗസ്ഥന്റെ വീടിനുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇംഫാല്‍ താഴ്‌വരയിലെ നാല് ജില്ലകളിലെ നൂറുകണക്കിന് സൈനികര്‍ ആയുധം താഴെവച്ച് പ്രതിഷേധിച്ചു. ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, ബിഷ്ണുപൂര്‍, തൗബാല്‍ ജില്ലകളിലെ കമാന്‍ഡോ യൂണിറ്റുകളാണ് ഇത്തരത്തില്‍ പ്രതിഷേധം നടത്തിയത്.

Eng­lish Sum­ma­ry: manipur violence
You may also like this video

Exit mobile version