മണിപ്പൂരിലെ ആഗിജംഗ് ഗ്രാമത്തിലുണ്ടായ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. പത്തോളം പേര്‍ക്ക് ഗുരുതര പരിക്കുകളുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആക്രമണം സമാധാന നീക്കങ്ങൾക്കും വന്‍ തിരിച്ചടിയായി മാറി. മെയ് മൂന്ന് മുതല്‍ ആരംഭിച്ച മെയ്തി-കുക്കി സംഘര്‍ഷത്തില്‍ ഇതുവരെ നൂറിലധികംപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
പുതിയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരിലേറെയും പ്രാദേശിക സന്നദ്ധപ്രവര്‍ത്തകരാണ്. കിഴക്കൻ ഇംഫാല്‍ , കംഗ്പോകപി, ഉഖ്‌രുല്‍ ജില്ലകളുടെ അതിര്‍ത്തി പ്രദേശമാണ് ആഗിജംഗ് ഗ്രാമം. ഖാമെൻലോക് എന്നും ഈ ഗ്രാമം അറിയപ്പെടുന്നു. തോക്കുകളും റോക്കറ്റ് പ്രോപ്പലന്റ് ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും സൈന്യം അറിയിച്ചു.
വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ വിവിധ പ്രദേശങ്ങളില്‍ കര്‍ഫ്യൂവിന് ഏര്‍പ്പെടുത്തിയ ഇളവുകള്‍ അധികൃതര്‍ പിന്‍വലിച്ചു. സംസ്ഥാനത്ത് പൂര്‍ണമായി ഇന്റര്‍നെറ്റ് വിലക്കും തുടരും. അതേസമയം സംസ്ഥാനത്തെ ക്രമസമാധാനനില ചര്‍ച്ചചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യവുമായി കുക്കി വിഭാഗം എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
English Summary: manipur violence: 13 dead in Manipur
You may also like this video