Site iconSite icon Janayugom Online

മണിപ്പൂര്‍ കലാപം പരിഹരിച്ചില്ലെങ്കില്‍ വന്‍ വിപത്താകും: ഇടതു സംഘം

മണിപ്പൂര്‍ വംശീയ കലാപം ഉടനടി പരിഹരിച്ചില്ലെങ്കില്‍ അത് രാജ്യത്തിന് വന്‍ വിപത്തായി മാറുമെന്ന് സംസ്ഥാനത്ത് സന്ദര്‍ശനത്തിനെത്തിയ ഇടതു പാര്‍ലമെന്ററി സമിതി അഭിപ്രായപ്പെട്ടു. ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് മണിപ്പൂരിലെ അക്രമ സംഭവങ്ങള്‍ മുന്നേറുന്നതെന്നും സംഘം വിലയിരുത്തി. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പതിന്മടങ്ങാണ് മണിപ്പൂരിലെ അക്രമങ്ങളുടെ യഥാര്‍ത്ഥ ചിത്രം. ഇന്റര്‍നെറ്റ് വിലക്കിയതോടെ നിലവിലെ സ്ഥിതി പുറംലോകം അറിയുന്നില്ല.

മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ കത്തയച്ചിരുന്നു. രാജ്യത്തെ ആഭ്യന്തര പ്രശ്‌നം കൈകാര്യം ചെയ്യാന്‍ അന്താരാഷ്ട്ര സംഘടനയുടെ ഇടപെടല്‍ ആവശ്യപ്പെടുമ്പോള്‍ കാര്യങ്ങള്‍ എത്രയേറെ ഭയാനകമാണെന്ന് വ്യക്തമാകുന്നു. മണിപ്പൂരിലെ കലാപത്തിന്റെ നഷ്ടം എത്രയെന്ന് സര്‍ക്കാരിന് തിട്ടമില്ല. വിനോദസഞ്ചാരവും കൃഷിയും ചെറുകിട വ്യവസായങ്ങളുമാണ് സമ്പദ്ഘടനയെ താങ്ങി നിര്‍ത്തുന്നത്. കലാപം ഈ മൂന്നു മേഖലകളെയും പരമാവധി ബാധിച്ചു. നൂറു കണക്കിന് ഹോം സ്റ്റേകളാണ് പൂട്ടിയത്.

ഹോട്ടലുകളിലെ ബുക്കിങ്ങുകള്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കപ്പെട്ടു. കലാപം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണ പരാജയമാണെന്നും ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് മണിപ്പൂരിലെ അക്രമ സംഭവങ്ങള്‍ മുന്നേറുന്നതെന്നും സംഘാംഗമായ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ക്യാമ്പിലേക്ക് എത്തിനോക്കുന്നില്ലായെന്നാണ് ഈ സ്ഥിതി അവസാനിക്കുകയെന്ന ദെെന്യത ക്യാമ്പുകളിലെ മനുഷ്യരുടെ കണ്ണുകളില്‍ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്രമ സംഭവങ്ങള്‍ക്ക് അറുതിയായാലും ജനജീവിതം പൂര്‍വസ്ഥിതിയിലേക്ക് മടങ്ങിവരാന്‍ കാലതാമസം എടുക്കുമെന്നതാണ് യാഥാര്‍ത്ഥ്യമെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു. സിപിഐ ലോക്‌സഭാംഗം കെ സുബ്ബരായന്‍, സിപിഐ(എം) രാജ്യസഭാംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ആക്രമണത്തിനിരയായ ചര്‍ച്ചുകള്‍ ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ ഇന്നലെ സന്ദര്‍ശിച്ച സംഘം പൗര സംഘടനാ പ്രതിനിധികളും അക്കാദമിക് രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. സിപിഐ സംസ്ഥാന കൗണ്‍സില്‍ ഓഫിസില്‍ ചേര്‍ന്ന ഇടതു പാര്‍ട്ടി പ്രവര്‍ത്തക യോഗത്തിലും സംഘം പങ്കെടുത്തു. മണിപ്പൂരില്‍ തുടര്‍ച്ചയായ കലാപവും മരണവുമുണ്ടായിട്ടും മൗനം പാലിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാടിനെതിരെ സിപിഐ പോസ്റ്റ് കാര്‍ഡ് അയയ്ക്കല്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കും. മണിപ്പൂര്‍ ഇന്ത്യയിലാണെന്ന് വ്യക്തമാക്കിയാണ് പതിനായിരക്കണക്കിന് കാര്‍ഡുകള്‍ അയയ്ക്കുന്നത്.

Eng­lish Sum­ma­ry: Manipur vio­lence will be a big dis­as­ter if not resolved: Left group
You may also like this video

Exit mobile version