Site iconSite icon Janayugom Online

മണിപ്പൂർ കലാപം; 27 കേസുകൾ സിബിഐ ഏറ്റെടുത്തു

മണിപ്പൂർ കലാപത്തെ സംബന്ധിച്ച 27 കേസുകൾ സിബിഐ ഏറ്റെടുത്തു. ഇവയിൽ 19 കേസുകൾ സ്ത്രീകൾക്കെതിരായ അതിക്രമം സംബന്ധിച്ചുള്ളതാണ്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ആയുധ മോഷണം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളിലും അന്വേഷണം നടത്തും. 53 അംഗ ഉദ്യോഗസ്ഥ സംഘമാണ് കേസുകൾ അന്വേഷിക്കുന്നത്.

അതേ സമയം, മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ സുപ്രീം കോടതി അസമിലേക്ക് മാറ്റിയിരുന്നു. ന്യായമായ വിചാരണനടപടികൾ ഉറപ്പാക്കാനാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി. വിചാരണയ്ക്കായി ജഡ്ജിമാരെ നിയമിക്കാൻ ഗുവാഹത്തി ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി. മണിപ്പൂരിലെ നിലവിലെ സാഹചര്യവും കേസിൽ നീതീ ഉറപ്പാക്കാൻ ന്യായമായ വിചാരണനടപടികൾ വേണമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

വിചാരണനടപടികൾക്കായി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റും സെഷൻസ് ജഡ്ജിമാരെയും നിയമിക്കാൻ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി നിർദ്ദേശം നൽകി. മണിപ്പൂരിലെ ഭാഷ അറിയുന്ന ജഡ്ജിമാരാകണം ഇവർ. പ്രതികളെ ഹാജരാക്കൽ, റിമാൻഡ്, ജുഡീഷ്യൽ കസ്റ്റഡി, കസ്റ്റഡി നീട്ടൽ എന്നീ അപേക്ഷകൾക്ക് ഈ ജഡ്ജിമാരെ സിബിഐ സമീപിക്കണം.

വിചാരണ ഉൾപ്പെടെ നടപടികൾ ഓൺലൈനായി നടത്തണം. പ്രതികളും പരാതിക്കാരും നേരിട്ട് അസമിൽ എത്തേണ്ടതില്ല. എന്നാൽ സാക്ഷികളുടെ രഹസ്യമൊഴി മണിപ്പൂർ ഹൈക്കോടതി നിയമിക്കുന്ന ജഡ്ജിമാർ നേരിട്ടെത്തി രേഖപ്പെടുത്തണം. ഇതിനായി മണിപ്പൂർ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് നടപടി സ്വീകരിക്കണം. പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഓൺലൈനായി ഈ ജഡ്ജിമാരുടെ സാന്നിധ്യത്തിൽ നടത്തണം. കേസുകളുടെ വിചാരണ നടപടികൾ തടസമില്ലാതെ നടത്താൻ ഇന്‍റര്‍നെറ്റ് സംവിധാനം നൽകുമെന്ന് കേന്ദ്രം അറിയിച്ചു. കേസിൽ നേരിട്ട് ഹാജരാകാൻ താൽപര്യമുള്ളവരെ തടയില്ലെന്നും കോടതി വ്യക്തമാക്കി.

Eng­lish sum­ma­ry; Manipur vio­lence case; CBI took over 27 cases
you may also like this video;

Exit mobile version