മണിപ്പൂരില്‍ സംഘര്‍ഷം അതീവ രൂക്ഷം. ഇറെങ്ബാമില്‍ കര്‍ഷകര്‍ക്ക് നേരെ വെടിവെപ്പുണ്ടായി. അസമില്‍ നദിയില്‍ നിന്ന് 2 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ജിരിബാമില്‍ അക്രമസക്തരായ പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷ സേന നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. മണിപ്പൂരിലെ കലാപാന്തരീക്ഷം സംസ്ഥാന സർക്കാരിന്റെ ഭരണപരാജയമെന്ന് ആരോപണമുയരുന്നതിനിടെ ഭരണകക്ഷി എംഎൽഎമാരുടെ അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി ബിരേൻ സിങ്.
ഇംഫാലിൽ വൈകിട്ട് 6 മണിക്കാണ് യോഗം. ബിജെപി എംഎൽഎമാർക്ക് പുറമെ സഖ്യകക്ഷികളായ എൻപിഎഫ്, ജെഡിയു തുടങ്ങിയ പാർട്ടികളുടെ എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കും. കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ ബിരേന്‍ സിങ് നയിക്കുന്ന സഖ്യ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിന് പിന്നാലെയാണ് സഖ്യകക്ഷി എംഎൽഎമാരുടെ യോഗം വിളിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
കലാപം തുടരുന്ന മണിപ്പൂരില്‍ ജനപ്രതിനിധികളുടെ വീടുകള്‍ക്ക് നേരെ ആക്രമണം രൂക്ഷമാകുന്നു. 9 ബിജെപി എംഎല്‍എമാരുടേത് ഉള്‍പ്പടെ ഇംഫാല്‍ താഴ്വരയിലുള്ള 13 നിയമസഭാംഗങ്ങളുടെ വീടുകള്‍ അക്രമികള്‍ തകര്‍ത്തു. ഞായറാഴ്ച രാത്രി മുഴുവന്‍ നീണ്ടുനിന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും തീവെയ്പ്പുകള്‍ക്കും ശേഷമായിരുന്നു സംഭവം.
5 ആരാധനാലയങ്ങളും, പെട്രോള്‍ പമ്പും, 14 വീടുകളും തീവച്ചു നശിപ്പിച്ചു.പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാസേന നടത്തിയ വെടിവയ്പ്പില്‍ ഒരു യുവാവ് മരിച്ചു. 25 പ്രതിഷേധാക്കരെ പൊലീസ് അറസ്റ്റ് ചെയ്തു, പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം 12 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രണ്ടു ദിവസത്തിനിടെ മണിപ്പൂരില്‍ 13 എംഎല്‍എമാരുടെ വീടുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. ബിരേന്‍ സിങ് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ, സര്‍ക്കാറിന് സംസ്ഥാനത്ത് യാതൊരു നിയന്ത്രണവും ഇല്ലെന്ന് രൂക്ഷ വിമര്‍ശനവുമായി എന്‍പിപി രംഗത്തു വന്നു.