വയനാടിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് കണ്ണൂർ യൂണിവേഴ്സിറ്റിയിലെ മണിപ്പൂര്‍ വിദ്യാർത്ഥികൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായമാണ് ഇവര്‍ കൈമാറിയത്. കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എഡിഎം കെ നവീൻ ബാബുവിനാണ് വിദ്യാർത്ഥികൾ സഹായം കൈമാറിയത്. സഹായധനം കൈമാറുന്നതിന് മുമ്പായി കലക്ട്രേറ്റിലെത്തിയ വിദ്യാർത്ഥികൾ ആദ്യം ഒരുമിച്ച് മെഴുകുതിരികൾ തെളിയിച്ചു. വയനാടിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ദുഃഖത്തിൽ പങ്കുചേർന്നു കൊണ്ടും മുഖ്യമന്ത്രിക്കുള്ള കത്തും വിദ്യാര്‍ത്ഥികള്‍ കൈമാറി. തുടർന്ന് മണിപ്പൂരിലെ പരമ്പരാഗത ആചാരപ്രകാരം വയനാട്ടിൽ മരണപ്പെട്ടവരോടുള്ള ആദരസൂചകമായി മണിപ്പൂരി ഷോളും കൈമാറി.
എൽ എൽ ബി വിദ്യാര്‍ത്ഥി ഗൗലുങ്കമണിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ പഠിക്കുന്ന മണിപ്പൂരി വിദ്യാര്‍ത്ഥികളിൽ നിന്നും ശേഖരിച്ച തുകയാണ് സഹായധനമായി നൽകിയത്. മണിപ്പൂരിൽ നിന്നുള്ള അമ്പതോളം വിദ്യാർത്ഥികൾ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഡിഗ്രി, പിജി, പിഎച്ച്ഡി തുടങ്ങിയ കോഴ്സുകൾ ചെയ്യുന്നുണ്ട്. ഇരുപതോളം വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുത്തു.
കണ്ണൂർ യൂണിവേഴ്സിറ്റി വിദ്യാർത്ഥി ക്ഷേമവിഭാഗം ഡയറക്ടർ ഡോ. നഫീസ ബേബിയുടെ നേതൃത്വത്തിലാണ് ഇവര്‍ കലക്ടറേറ്റിൽ എത്തിയത്. എൻ എസ് എസ് വിദ്യാർത്ഥികൾ പത്തുലക്ഷം രൂപയോളം മുടക്കി ആദ്യഘട്ടത്തിൽ വയനാട്ടിലെ ജനങ്ങൾക്ക് അവശ്യവസ്തുക്കൾ എത്തിച്ചു നല്കിയിരുന്നതായും ദുരന്തബാധിതർക്കായി 25 വീടുകൾ നിർമ്മിച്ചുനൽകുമെന്നും ഡോ. നഫീസ പറഞ്ഞു. എല്ലാ ദിവസവും ദുരിതാശ്വാസ ക്യാമ്പുകളിലും സംഭരണ കേന്ദ്രങ്ങളിലുമായി അമ്പത് എൻഎസ്എസ് അംഗങ്ങൾ സേവനം അനുഷ്ഠിക്കുന്നുണ്ടെന്നും ഡോ. നഫീസ പറഞ്ഞു.
English Summary: Manipur’s candlelight vigil for Wayanad: Rs 1 lakh in aid given
You may also like this video