Site iconSite icon Janayugom Online

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; സുരക്ഷാ സേനയുടെ വെടിവെപ്പില്‍ കുക്കി സ്ത്രീ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ സുരക്ഷാ സേനയുടെ വെടിവെപ്പില്‍ കുക്കി സ്ത്രീ കൊല്ലപ്പെട്ടു. ചുരാചന്ദ്പുരിലെ ലാങ്ചിങ്മന്‍ബിയിലെ ഗ്രാമമുഖ്യന്‍ ഖയ്‌ഖൊഗിന്‍ ഹോകിപിന്റെ പങ്കാളി ഹൊയ്‌ഖൊല്‍ഹിങ് ഹോകിപ്പാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് സുരക്ഷ സേനയും കുക്കികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയിലാണ് സംഭവം. ഇവരെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ചുരാചന്ദ്പൂര്‍ ജില്ലയിലെ ചിങ്‌ഫെയ് ഗ്രാമത്തില്‍ ആയിരുന്നു വെടിവെപ്പ് നടന്നത്. ബിഷ്ണുപുര്‍ ജില്ലയിലെ ഫുബാല ഗ്രാമത്തിലെ മെയ്‌തെയ് കര്‍ഷകര്‍ക്ക് നേരെ കുക്കി സംഘം വെടിവെച്ചിരുന്നു. വെടിവെപ്പില്‍ ഒരു കര്‍ഷകന് പരിക്കേറ്റു. ഇതിന് പിന്നാലെയാണ് കുക്കി സംഘവും സുരക്ഷ സേനയും ഏറ്റുമുട്ടിയത്. പ്രദേശത്ത് അക്രമം തടയുന്നതിനും ക്രമസമാധാനം നിലനിര്‍ത്തുന്നതിനുമായി കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. വെടിവെപ്പില്‍ പ്രതിഷേധിച്ച് ഫുബാലയില്‍ പ്രാദേശിക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കര്‍ഷകരുടെ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ്.

Exit mobile version