Site iconSite icon Janayugom Online

മനീഷ് മഹേശ്വരി ട്വിറ്റര്‍ വിട്ടു

മുന്‍ ട്വിറ്റര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറായിരുന്ന മനീഷ് മഹേശ്വരി കമ്പനിയില്‍ നിന്നും പടിയിറങ്ങി. മോഡി സര്‍ക്കാരുമായുണ്ടായ തര്‍ക്കങ്ങളുടെ പേരില്‍ ഇദ്ദേഹത്തെ നേരത്തെ യുഎസിലേക്ക് സ്ഥലംമാറ്റിയിരുന്നു. സ്വതന്ത്രമായി വിദ്യാഭ്യാസ സ്റ്റാര്‍ട്ട് അപ്പ് സംരംഭം തുടങ്ങുന്നതിനുവേണ്ടിയാണ് ട്വിറ്ററിലെ ജോലി ഉപേക്ഷിക്കുന്നതെന്ന് അദ്ദേഹം ട്വിറ്റര്‍ കുറിപ്പില്‍ അറിയിച്ചു. രണ്ട് വര്‍ഷക്കാലത്തിലേറെ മനീഷ് മഹേശ്വരി ട്വിറ്റര്‍ ഇന്ത്യയുടെ മേധാവിയായിരുന്നു. ഇതേസമയത്ത് കേന്ദ്രസര്‍ക്കാരും കമ്പനിയുമായി തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. 

ട്വിറ്റര്‍ പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പേരില്‍ മനീഷ് മഹേശ്വരിക്കെതിരെ ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയുമുണ്ടായി. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും അനഭിമതനായതോടെ ഇദ്ദേഹത്തെ സാന്‍ഫ്രാന്‍സിസ്കോയിലെ ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. മൈക്രോസോഫ്റ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന തനയ് പ്രതാപുമായി ചേര്‍ന്നാണ് മനീഷ് പുതിയ സ്റ്റാര്‍ട്ടപ്പിന് തുടക്കം കുറിക്കുന്നത്. ഉയർന്ന നിലവാരമുള്ളതും സാമൂഹികമായി ആഴത്തിലുള്ളതുമായ ഒരു പഠനാനുഭവം എല്ലാവര്‍ക്കും ലഭ്യമാക്കുകയെന്നതാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും മനീഷ് മഹേശ്വരി അറിയിച്ചു. 

ENGLISH SUMMARY:Manish Mahesh­wari leaves Twitter
You may also like this video

Exit mobile version